വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പോലീസ് വാഹനങ്ങളുടെ നീക്കങ്ങള് മദ്യ, മയക്കുമരുന്ന്, ഓണ്ലൈന് ലോട്ടറി കുറ്റകൃത്യത്തില് ഏര്പ്പെടുന്നവര്ക്ക് ചോര്ത്തി കൊടുത്ത അഡ്മിനും ഗ്രൂപ്പ് അംഗങ്ങള്ക്കും എതിരെ രാജപുരം പോലീസ് കേസ് എടുത്തു.
കാസര്ഗോഡ് ജില്ല പോലീസ് മേധാവി വിജയ് ഭരത് റെഡി ഐപിഎസ് യുടെ നിര്ദ്ദേശപ്രകാരം ഇന്നലെ ജില്ലയില് നടന്ന
കോമ്പിംഗ് ഓപ്പറേഷന് ഡ്യൂട്ടിക്കിടെ രാജപുരം പ്രിന്സിപ്പല് എസ് ഐ പ്രദീപ്കുമാറും സംഘവും കോളിച്ചാല് അളവില് കൂടുതല് മദ്യം കൈവശം വെച്ച ആളെ അറസ്റ്റ് ചെയ്തു കേസ് എടുത്ത ശേഷം പ്രതിയുടെ മൊബൈല് ഫോണ് പരിശോധിച്ച സമയം ഫാമിലി എന്ന പേരുള്ള വാട്സപ്പ് ഗ്രൂപ്പ് കാണപ്പെടുകയും ഗ്രൂപ്പ് തുറന്നു നോക്കിയതില് രാജപുരം പോലീസ് സ്റ്റേഷന് ജീപ്പിനും പാണത്തൂര് ആഡ് പോസ്റ്റ് ജീപ്പിനും പ്രത്യേക കോഡ് നല്കി ജീപ്പുകളുടെ നീക്കങ്ങള് യഥാസമയം ഗ്രൂപ്പില് ഷെയര് ചെയ്തതായി കാണപ്പെട്ടു.
ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് പരിശോധിച്ചതില് പലരും മദ്യ മയക്കുമരുന്ന്, ഓണ്ലൈന് ലോട്ടറി വ്യാപാരത്തില് ഏര്പ്പെടുന്ന ആള്ക്കാരാണെന്ന് വ്യക്തമായിരുന്നു. അതില് ചിലര്ക്കെതിരെ മുമ്പ് രാജപുരം പോലീസ് കേസ് എടുത്തിരുന്നു. രാജപുരം ഇന്സ്പെക്ടര് രാജേഷ് പിയുടെ നേതൃത്വത്തില് മദ്യ മയക്കുമരുന്ന് ഓണ്ലൈന് ലോട്ടറിക്കാര്ക്കെതിരെ ശക്തമായ നടപടികള് സ്വീകരിച്ചുവരുന്ന അവസരത്തില് പോലീസിന്റെ നീക്കങ്ങള് മുന്കൂട്ടി അറിയിക്കുന്നതിന് വേണ്ടി ആരംഭിച്ചതാണ് ഈ ഗ്രൂപ്പ് എന്ന് വ്യക്തമായിട്ടുള്ളതായി പോലിസ് പറഞ്ഞു.
ഗ്രൂപ്പില് നിലവില് 80 അംഗങ്ങളാണ് ഉള്ളത്. ഗ്രൂപ്പ് അഡ്മിന്മാര്ക്കെതിരെയും ഇന്നലെ ഗ്രൂപ്പില് വോയിസ് മെസ്സേജുകള് ഇട്ട മറ്റ് 16 പേര്ക്കെതിരെയുമാണ് കേസ് രജിസ്റ്റര് ചെയ്തിട്ടുള്ളത്. പ്രതികള്ക്കെതിരെ ശക്തമായ നടപടികള് സ്വീകരിക്കുമെന്ന് രാജപുരം എസ് എച്ച് ഒ രാജേഷ് പി അറിയിച്ചു .കോമ്പിംഗ് ഓപ്പറേഷനില് രാജപുരം പ്രിന്സിപ്പല് എസ് ഐ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തില്
എ എസ് ഐ ഓമന കുട്ടന് എസ് സി പി ഒ സതിഷ്കുമാര്, സി പി ഒ മാരായ വിജിത്ത്, മനു, സജിത്ത് എന്നിവരും ഉണ്ടായിരുന്നു.