ദേശീയ ഡെങ്കിപ്പനി ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ്, (ആരോഗ്യം) ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവ സംയുക്തമായി മുള്ളേരിയ ഗണേഷ് മന്ദിര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ഗോപാലകൃഷ്ണ ഭട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ. സന്തോഷ് ബി ദിനാചരണ സന്ദേശംനല്‍കി. കാറഡുക്ക ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ രത്നാകര എം, മറ്റ് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍,ജില്ലാ എഡ്യുക്കേഷന്‍ മീഡീയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് ചന്ദ്രന്‍ എം എന്നിവര്‍ സംസാരിച്ചു.
മൂളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷമീമ തന്‍വീര്‍ സ്വാഗതവും മുള്ളേരിയ കുടുംബരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. റോജന്‍ ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ ഡി.വി. ബി.ഡി. സി. ഓഫീസര്‍ ഷാജു എന്‍.എ വിഷയാവതരണം നടത്തി.
ദിനാചരണത്തോടനുബന്ധിച്ച് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രം മുതല്‍ ഗണേഷ് കലാമന്ദിര്‍ വരെ ബോധവത്ക്കരണ റാലി സംഘടിപ്പിച്ചു. ആദൂര്‍ പോലീസ് സ്റ്റഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിഷ്ണു പ്രസാദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കൊതുകുജന്യ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. വിവിധ ആരോഗ്യ സ്ഥാപന പരിധിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, ഹരിത കര്‍മസനാ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ് വളന്റിയമാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം- ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. ഡെങ്കിപ്പനി ദിനാചരണം മഴക്കാലരോഗമുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ മികച്ച തുടക്കമാണെന്നും ദിനാചരണ സന്ദേശം സൂചിപ്പിക്കുന്നത് പോലെ വിവിധ വകുപ്പുകള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ , സന്നദ്ധ സംഘടനകള്‍ , ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ കൊതുകു നിര്‍മ്മാര്‍ജ്ജന പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഡെങ്കിപ്പനിയേയും മഴക്കാല രോഗങ്ങളെയും ചെറുത്തു നിര്‍ത്തുന്നതിന് സാധിക്കൂ എന്നും ജില്ലാ സര്‍വയ്‌ലന്‍സ് ഓഫീസര്‍ ഡോ. സന്തോഷ്. ബി അറിയിച്ചു.