പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനി

പെരിയ: രവീന്ദ്രനാഥ ടാഗോര്‍ അനുസ്മരണത്തില്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കാന്‍ കേരള കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനിയും. എക്കണോമിക്സ് വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ പി. അനുശ്രീയാണ് ടാഗോറിന്റെ ജന്മദിനത്തോടനുബന്ധിച്ച് മെയ് ഒമ്പതിന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനും പ്രസംഗിക്കാനും തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്താകെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 12 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇതില്‍ കേരളത്തില്‍നിന്ന് അനുശ്രീ മാത്രമാണുള്ളത്. കര്‍ണാടക, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മിസോറാം, നാഗാലാന്റ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലുള്ളവരാണ് മറ്റുള്ളവര്‍. ഓരോരുത്തര്‍ക്കും രണ്ട് മിനിട്ട് വീതമാണ് പ്രസംഗത്തിന് ലഭിക്കുക. വിവിധ മത്സരപരീക്ഷകളിലൂടെയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് വടകര സ്വദേശിനിയാണ് അനുശ്രീ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്ററി റിസര്‍ച്ച് ആന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡമോക്രസീസ് (പ്രൈഡ്), ലോക്സഭാ സെക്രട്ടേറിയറ്റ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘നേതാക്കളെ അറിയുക’ എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *