ഉദുമ: അതുല്യമായ ചുവടുകളോടെ മറക്കളത്തില്‍ നിറഞ്ഞാടിയ കണ്ടനാര്‍ കേളനെ ആര്‍പ്പു വിളികളോടെ ആയിരങ്ങള്‍ വരവേറ്റപ്പോള്‍ അത് കുറുക്കന്‍കുന്ന് തറവാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും നാട്ടുകാരുടെയും അമ്പതാണ്ടത്തെ കാത്തിരിപ്പിന് സുകൃത പുണ്യമായി.
ഉദുമ കുറുക്കന്‍കുന്ന് തറവാട്ടില്‍ കണ്ടനാര്‍ കേളന്റെ ബപ്പിടല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഇന്നലെ രാത്രി നാടൊന്നാകെ ഒഴുകിയെത്തി. ബോനം കൊടുക്കലിന് ശേഷമായിരുന്നു ബപ്പിടല്‍.
വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങലും വയനാട്ടുകുലവന്റെ വെള്ളാട്ടവും തുടര്‍ന്ന് ആയിരങ്ങള്‍ക്ക് ഭക്ഷണവും വിളമ്പി. ഇന്നും ഭക്ഷണ വിതരണം തുടരും. ഇന്നലെ പൊട്ടന്‍തെയ്യം കുറത്തിയമ്മ, വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കി. വൈകീട്ട് കാര്‍ന്നോന്‍ തെയ്യത്തിന്റെയും കോരച്ചന്‍ തെയ്യത്തിന്റെയും വെള്ളാട്ടങ്ങള്‍ മറക്കളത്തിലെത്തി. തുടര്‍ന്ന് രാത്രിയാണ് കണ്ടനാര്‍കേളന്റെ വെള്ളാട്ടമെത്തിയത്.
തറവാട് സന്നിധിയില്‍ ഇന്ന്
രാവിലെ 7ന് കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍ തെയ്യങ്ങളുടെ പുറപ്പാടുകള്‍ക്ക് ശേഷം അഞ്ചു മണിയോടെ വയനാട്ടുകുലവന്റെ തിരുമുടി നിവരുന്നത് കാണാന്‍ ആയിരങ്ങളെത്തും. സുപ്രധാന ചടങ്ങായ ബോനം കൊടുക്കലും ചൂട്ടൊപ്പിക്കലും നടക്കും.
തുടര്‍ന്ന് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട്.
രാത്രി മറപിളര്‍ക്കലും തുടര്‍ന്ന് വിളക്കിലരിയും കൈവീതോടെ ജില്ലയിലെ ഈ വര്‍ഷത്തെ അവസാന തെയ്യം കെട്ടിന് സമാപനമാകും.