ഉദുമ : വടക്കേ മലബാറിലെ പൗരാണികമായ ബാര തുളിച്ചേരി തറവാട്ടില്‍ സ്വര്‍ണ്ണ പ്രശ്‌ന ചിന്തയുടെ അടിസ്ഥാനത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് പുനപ്രതിഷ്ഠ ബ്രഹ്‌മ കലശ മഹോത്സവവും തെയ്യംകെട്ടും 2025 ഏപ്രില്‍ 27, 28, 29, 30 മെയ് 1 തീയതികളിലായി നടന്നുവരികയാണ്. മഹോത്സവത്തിന്റെ ഭാഗമായി തന്ത്രിേശ്വരന്മാര്‍ക്ക് ഗംഭീര ആചാര്യ വരവേല്‍പ്പ് നല്‍കി. ബ്രഹ്‌മശ്രീ അരവത്ത് കെ. യു. പത്മനാഭ തന്ത്രികളുടെ മഹനീയ നേതൃത്വത്തിലുള്ള ആചാര്യന്‍ മാര്‍ക്കാണ് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ണ്ണ കുംഭത്തോടെയുള്ള വരവേല്‍പ്പ് നല്‍കിയത്. മുത്തു കുടകളുടെയും ചെണ്ട മേളത്തിന്റെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയോടെയുള്ള ആചാര്യ വരവേല്‍പ്പില്‍ നിരവധി ഭക്തജനങ്ങള്‍ അണിനിരന്നു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ നായര്‍, കണ്‍വീനര്‍ ടി. കുഞ്ഞിക്കണ്ണന്‍ നായര്‍, ഖജാന്‍ജി ടി. മാധവന്‍ നായര്‍ തറവാട് കമ്മിറ്റി പ്രസിഡണ്ട് ടി. നാരായണന്‍ നായര്‍ മുന്നാട് സെക്രട്ടറി ടി. തമ്പാന്‍ നായര്‍ കുറ്റിക്കോല്‍, ഖജാന്‍ജി ടി. വിനോദ് ചെമ്മനാട് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് വിവിധ പൂജകളും കലാപരിപാടികളും അരങ്ങേറി. ഏപ്രില്‍ 29ന് രാവിലെ ഗണപതിഹോമവും തുടര്‍ന്ന് വിവിധ പൂജകളും ഉച്ചയ്ക്ക് ഒരു മണിക്ക് അന്നദാനവും വൈകിട്ട് വിവിധ പൂജകളും രാത്രി വിവിധ കലാപരിപാടികളുമുണ്ടായി ഏപ്രില്‍ 30ന് രാവിലെ ആറുമണി മുതല്‍ ഗണപതിഹോമവും പ്രാസാദ പ്രതിഷ്ഠയും രാവിലെ 7. 10 മുതല്‍ 9 മണിവരെ രോഹിണി നക്ഷത്രത്തില്‍ ഇടവം രാശി മുഹൂര്‍ത്തത്തില്‍ വീരഭദ്ര പ്രതിഷ്ഠാ കര്‍മ്മവും നടക്കും. തുടര്‍ന്ന് ജീവകലശാഭിഷേകം, കലശാഭിഷേകം എന്നിവയും 9 മണിക്ക് മഹാചണ്ഡികാ ഹോമം പ്രാരംഭവും 12 മണിക്ക് മഹാ ചണ്ഡിക ഹോമം പൂര്‍ണാഹുതിയും നടക്കും തുടര്‍ന്ന് വിവിധ പൂജകളും തുലാഭാരവും അന്നദാനവും നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് അക്ഷരസ്രോഗ സദസ്സും വൈകിട്ട് കേളികൊട്ട്,തെയ്യം കൊടുക്കല്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവ അരങ്ങേറും. എട്ടുമണിക്ക് കോല്‍ക്കളി, 8. 30 മുതല്‍ വിവിധ തെയ്യങ്ങളുടെ തുടങ്ങലും മോന്തിക്കോലവും നടക്കും. മെയ് ഒന്നിന് വ്യാഴാഴ്ച രാവിലെ 5 മണിക്ക് കുറത്തിയമ്മയുടെ പുറപ്പാട്, 10 മണിക്ക് മുതിര്‍ന്ന തറവാട്ട് കുടുംബാംഗങ്ങളെ ആദരിക്കല്‍, 11 മണിക്ക് വിഷ്ണു മൂര്‍ത്തിയുടെ പുറപ്പാട് തുടര്‍ന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയുടെ പുറപ്പാടും അന്നദാനവും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗുളികന്‍ ദൈവവത്തിന്റെ പുറപ്പാടും നടക്കും. വൈകിട്ട് 5 മണിക്ക് വിളക്കിലരിയോടെ കളിയാട്ട മഹോത്സവത്തിന് സമാപനമാകും