ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പ്; കാസര്‍കോടിന്റെ തനത് കലകള്‍ നിറയും; വിളംബര ഘോഷയാത്ര ഡിസംബര്‍ 19

ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പില്‍ രണ്ട് വേദികളിലായാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രധാന വേദിയില്‍ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകര്‍ഷണമാകുമ്പോള്‍ റെഡ് മൂണ്‍ ബീച്ചിലൊരുക്കുന്ന വേദിയില്‍ കാസര്‍കോടിന്റെ തനത് കലകള്‍ നിറയും. കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് വേദി രണ്ടില്‍ അരങ്ങേറുക. വിവിധ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ നാലു ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി അഞ്ചു ദിവസങ്ങളിലായും നടക്കും. 30 കലാസമിതികളില്‍ നിന്നായി 52 കലാപരിപാടികളാണ് ഗ്രാമീണ കലാസമിതി അവതരിപ്പിക്കുന്നത്.

നാല് ദിവസങ്ങളിലായി കുടുംബശ്രീ അവതരിപ്പിക്കുന്ന പരിപാടികള്‍

ഡിസംബര്‍ 23ന് മുളിയാര്‍, പള്ളിക്കര, കയ്യൂര്‍ സി.ഡി.എസുകള്‍ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കല്‍ ഡാന്‍സ്, മാപ്പിളപ്പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫ്യൂഷന്‍ മാര്‍ഗ്ഗം കളി എന്നിവ നടക്കും. ഡിസംബര്‍ 24ന് ചെമ്മനാട്, മടിക്കൈ, കാഞ്ഞങ്ങാട്-2 എന്നീ സി.ഡി.എസുകള്‍ അവതരിപ്പിക്കുന്ന ചവിട്ട് നാടകം, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാന്‍സ്, നാടന്‍പാട്ട്, നാടോടി നൃത്തം, ഫ്യൂഷന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് എന്നിവ അരങ്ങേറും. ഡിസംബര്‍ 27ന് കുമ്പള, ഉദുമ, പടന്ന, പുല്ലൂര്‍ പെരിയ സി.ഡി.എസുകള്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ്, കുച്ചുപ്പുടി, നാടന്‍പാട്ട് ഡാന്‍സ്, നാടോടി നൃത്തം, ഒപ്പന, കൈകൊട്ടിക്കളി എന്നീകലാപരിപാടികള്‍ നടക്കും. ഡിസംബര്‍ 30ന് അജാനൂര്‍ സി.ഡി.എസ് അവതരിപ്പിക്കുന്ന നാടന്‍പാട്ട,് ഡാന്‍സ്, മാര്‍ഗ്ഗം കളി, നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ് എന്നീ പരിപാടികള്‍ നടക്കും.

രണ്ടു വേദികളിലായാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രധാന വേദിയില്‍ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകര്‍ഷണമാവും. ഡിസംബര്‍ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ട്രിയോ, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം, 25ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവന്റ്, 26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ്, 27ന് പത്മകുമാറും ദേവും സംഘവും ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി, 28ന് സോള്‍ ഓഫ് ഫോക്കുമായി അതുല്‍ നറുകര, 29ന് കണ്ണൂര്‍ ശരീഫും സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്, 30ന് ഗൗരിലക്ഷ്മി മ്യൂസിക്കല്‍ ബാന്റ്, സമാപന ദിവസമായ 31ന് റാസാ ബീഗം ഗസല്‍ ഡ്യൂ, ആട്ടം കലാ സമിതിയും തേക്കിന്‍കാട് ബാന്റും അവതരിപ്പിക്കുന്ന മെഗാ ന്യൂയര്‍ നൈറ്റ് എന്നിവ അരങ്ങേറും.

വിളംബര ഘോഷയാത്ര ഇന്ന് (ഡിസംബര്‍ 19)

ബേക്കല്‍ ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര ഇന്ന് (ഡിസംബര്‍ 19) വൈകീട്ട് മൂന്നിന് നടക്കും. പള്ളിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ആരംഭിച്ച് ബേക്കല്‍ ബീച്ചില്‍ അവസാനിക്കുന്ന ഘോഷയാത്രയില്‍ 3000 പേര്‍ പങ്കുചേരും. കേരള വസ്ത്രം അണിഞ്ഞ രണ്ടായിരത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകര്‍, നൂറ് മൂത്തു കുടകള്‍, മോഹിനിയാട്ടം, കഥകളി, മാര്‍ഗംകളി, ഒപ്പന, തിരുവാതിര തുടങ്ങി വിവിധ നൃത്ത ഇനങ്ങള്‍, വിവിധ ഇനം വേഷങ്ങള്‍, നാസിക് ഡോള്‍, നിശ്ചില ദൃശ്യങ്ങള്‍, ചെണ്ടമേളം, ബാന്‍ഡ് സെറ്റ് എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകും. വിളംബര ഘോഷയാത്രയ്ക്ക് ശേഷം പള്ളിക്കര ബീച്ചില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ അവതരിപ്പിക്കുന്ന തിരുവാതിരയും അരങ്ങേറും. ശേഷം ബേക്കല്‍ ബീച്ച് ഫെസ്റ്റിവലിന്റെ വരവറിയിച്ച് ലാന്റേണ്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. 200 ഓളം റാന്തലുകള്‍ പള്ളിക്കര ബീച്ചിന്റെ ആകാശത്ത് വിസ്മയം ഒരുക്കും. കരിമരുന്ന് പ്രകടനത്തോടുകൂടി ഘോഷയാത്രയ്ക്ക് സമാപനമാകും. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സംഘാടകസമിതി ഭാരവാഹികള്‍ അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ഘോഷയാത്രയുടെ ഭാഗമാവും.

നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും

ബേക്കല്‍ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഡിസംബര്‍ 22ന് വൈകീട്ട് 5.30ന് കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ബേക്കലിനെയും പരിസര പ്രദേശങ്ങളെയും ലോകത്തിന് മുന്നില്‍ വീണ്ടും അടയാളപ്പെടുത്തുന്ന ബേക്കല്‍ ഫെസ്റ്റിന്റെ രണ്ടാം പതിപ്പില്‍ കലാപരിപാടികളും എക്സ്പോയും വിപണന മേളയും ഒരുക്കും. ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും. ഉദ്ഘാടനത്തിന് മുന്നോടിയായി പിലാത്തറ ലാസ്യ കോളേജ് ഒരുക്കുന്ന വെല്‍ക്കം ഡാന്‍സ് അരങ്ങേറും. ഡിസംബര്‍ 31ന് പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ആഘോഷ പരിപാടികളൊരുക്കും.

Leave a Reply

Your email address will not be published. Required fields are marked *