പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ദേവാസ്ഥാന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന് കൂവം അളന്നു

പാലക്കുന്ന് : പലക്കുന്ന് കഴകം പനയാല്‍
കളിങ്ങോത്ത് വലിയവളപ്പ് ദേവസ്ഥാനത്ത് ഏപ്രില്‍ 15 മുതല്‍ 17 വരെ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് മുന്നോടിയായി ബുധനാഴ്ച്ച രാത്രി മറൂട്ടിന് ശേഷം കൂവം അളന്നു. തിരുമുറ്റത്ത് കൂട്ടി വെക്കുന്ന നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് തിരുമുറ്റ ത്ത് നിറഞ്ഞു നിന്ന പുരുഷാരത്തെയും ആചാര സ്ഥാനികരെയും ഭാരവാഹികളെയും സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, കീഴൂര്‍ ചന്ദ്രഗിരി ശാസ്താ ക്ഷേത്രം, കരിപ്പോടി ശാസ്താ വിഷ്ണു ക്ഷേത്രം, പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രം, കോട്ടപ്പാറ വയനാട്ടുകുലവന്‍ ദേവസ്ഥാനം എന്നിവിടങ്ങളിലേക്ക് 21 ഇടങ്ങഴി വീതവും, കരിക്കാട് ശാസ്താ വിഷ്ണു , ദേവന്‍പൊടിച്ചപാറ അര്‍ധനാരിശ്വര, പന്നിക്കുളം പാര്‍ഥ സാരഥി, തിരുവക്കോളി തിരൂര്‍ പാര്‍ഥ സാരഥി, ഉദയമംഗലം മഹാവിഷ്ണു , പാക്കം പാക്കത്തപ്പന്‍, പാക്കം മഹാവിഷ്ണു, അരവത്ത് സുബ്രഹ്‌മണ്യ സ്വാമി, മുക്കുന്നോത് ഭഗവതി, എരോല്‍കാവ് വൈഷ്ണവി എന്നീ ക്ഷേത്രങ്ങളിലേ ക്ക് 11 ഇടങ്ങഴി വീതവുമാണ് കൂവം അളന്നത്. തെയ്യം കെട്ടിന് മുന്‍പേ ഇവ അതത് ഇടങ്ങളില്‍ എത്തിക്കും. നിത്യ പൂജാ സമ്പ്രദായങ്ങള്‍ ഇല്ലാത്ത പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം അടക്കം വിവിധ ഇടങ്ങളിലേക്ക് ദീപത്തിന് എണ്ണയും നല്‍കും.
തെയ്യംകെട്ട് ചടങ്ങുകള്‍ക്കായി 7 പറവീതം പച്ചരിയും പുഴുങ്ങലരിയും
2 കൈവീതുകള്‍ക്കായി 21 ഇടങ്ങഴി വീതവും ഇതോടൊപ്പം മാറ്റിവെച്ചു.
തറവാടുകളിലും ദേവസ്ഥാനങ്ങളിലും ഉത്സവം നടക്കുമ്പോള്‍ സമീപ ക്ഷേത്രങ്ങളിലെ ദേവതാ സങ്കല്പങ്ങളെ
വിസ്മരിച്ചു പോകരുതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് കൂവം അളക്കല്‍ എന്നാണ് വെപ്പ്.

Leave a Reply

Your email address will not be published. Required fields are marked *