കൊറഗ വിഭാഗക്കാര്‍ നഗറിനകത്ത് കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിന് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് റവന്യൂ വകുപ്പ് നടപടി സ്വീകരിക്കും. സര്‍വ്വെ വകുപ്പിലെ സര്‍വ്വെയര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം പദ്ധതിക്ക് ഉപയോഗിച്ച് മൂന്ന് മാസത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ജില്ലാ ഭരണ സംവിധാനം നടപടി സ്വീകരിക്കുന്നത്. പദ്ധതിക്ക് ഗ്രാമപഞ്ചായത്ത്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വില്ലേജ് അഫീസര്‍മാര്‍, ഊരുമൂപ്പന്മാര്‍, പ്രൊമോട്ടര്‍മാര്‍ എന്നിവരുടെ സേവനം കൃത്യമായി പ്രയോജനപ്പെടുത്തും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ നടത്തിയ നഗര്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സര്‍വ്വെ വകുപ്പിനും നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 16 വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന 59 നഗറുകളിലെ 193.557 ഹെക്ടര്‍ ഭൂമി അളന്നു തിരിച്ച് അതിരുകള്‍ സ്ഥാപിക്കുന്നതിനും നഷ്ടപ്പെട്ട രേഖകളുടെ പകര്‍പ്പ്് ഉടമസ്ഥര്‍ക്ക് നല്‍കുന്നതിനും മരണപ്പെട്ട ഉമടസ്ഥന്റെ ഭൂമി അനന്തരവകാശികള്‍ക്ക് ഭാഗിച്ച് നല്‍കുന്നതിനുമുള്ള പദ്ധതി ആവിഷ്‌കരിക്കപ്പെടുന്നത്.
കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളിലായി പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ട 539 കൊറഗ കുടുംബങ്ങള്‍ താമസിച്ചു വരുന്നുണ്ട്. 59 നഗറുകളിലായി താമസിച്ചു വരുന്ന ഇവരുടെ ജനസംഖ്യ 1706 ആണ്. ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിഭാഗമാണ് കൊറഗ. ഭൂമിയുണ്ടെങ്കിലും കൃത്യമായി ഭൂമിക്ക് അതിര്‍ത്തി ഇല്ലാത്തതും രേഖകളില്ലാത്തതും ഇവരുടെ സാമൂഹിക പുരോഗതിക്ക് വിഘാതമായി നില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികളില്‍ ഭവന നിര്‍മ്മാണം ഗ്രാന്റ് ഉള്‍പ്പെടെ ലഭിക്കാതിരിക്കുന്നതന്നിനും, നഗറുകളിലെ ഭൂമി തരിശായി കാട് പിടിച്ചു കിടക്കുന്നതിനും ഇത് കാരണമായി.
ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിക്ക് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.രാജേഷ്, ജില്ലാ സര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടര്‍ ആസിഫ് അലിയാര്‍, കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ.കെ മോഹന്‍ദാസ്, അസിസ്റ്റന്റ് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ കെ.വി രാഘവന്‍ എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നവംബര്‍ 30 ന് രാവിലെ പത്തിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓപ്പറേഷന്‍ സ്മൈല്‍ എന്ന ഈ പദ്ധതി റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷത വഹിക്കും. ജില്ലയിലെ എം.എല്‍.എമാര്‍ പങ്കെടുക്കും.