പാലക്കുന്ന് : സംസ്ഥാന പാതയില്‍ പാലക്കുന്ന് പള്ളത്ത് കലുങ്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റി പ്ലഗ്ഗിട്ട കുടിവെള്ള പൈപ്പ് പുനഃസ്ഥാപിച്ചു.പഞ്ചായത്തിന്റെയും ജലഅതോറിട്ടിയുടെയും സഹകരണത്തോടെ വ്യാഴാഴ്ച വൈകീട്ടോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ജലസംഭരണിയില്‍ വെള്ളം നിറച്ച് വെള്ളിയാഴ്ച രാവിലെ പൈപ്പിലൂടെ വെള്ളം ഒഴുകിത്തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 15 ദിവസമായി പള്ളം, പാലക്കുന്ന്, കോട്ടിക്കുളം ഭാഗങ്ങളില്‍ റോഡിന്റെ കിഴക്ക് ഭാഗത്തെ 300 ഓളം വീടുകളിലാണ് ജലഅതോറിറ്റിയുടെ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. ഈ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ഉപഭോക്താക്കളാണ് ഏറെ കഷ്ടത്തിലായത് . ബദല്‍ സംവിധാനം ഒരുക്കാതെയും മുന്നറിയിപ്പില്ലാതെയും കുടിവെള്ളം മുടങ്ങിയതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ഒന്നര മാസം മുന്‍പ് പടിഞ്ഞാര്‍ ഭാഗത്ത് പ്ലഗ്ഗിട്ടപ്പോഴും ഇവിടെ കുടിവെള്ളം മുടങ്ങിയിരുന്നു. വീട്ടമ്മാര്‍ അടക്കം കലുങ്ക് നിര്‍മാണ സ്ഥലത്തെത്തി അന്ന് ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.