കാഞ്ഞങ്ങാട്: ഇന്‍സ്പയേര്‍ഡ് ഇന്ത്യന്‍ ഫൗണ്ടേഷന്‍ (ഐഐഎഫ്) ഏര്‍പ്പെടുത്തിയ 2024ലെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് വാര്‍ത്താവായനയിലൂടെ ശ്രദ്ധേയയായ എം ജി വേദികയ്ക്ക് ലഭിച്ചു. ആറാമത് ഗുരു കലാം അനുസ്മരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വെച്ച് നടന്ന പരിപാടിയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ എസ് സോമനാഥ് അവാര്‍ഡ് വിതരണം നടത്തി. പത്രവാര്‍ത്തകള്‍ ശേഖരിച്ച് റെക്കോര്‍ഡ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് ദിനചര്യയാക്കിയ വേദികയുടെ വാര്‍ത്താവായന 1200 ദിവസം പിന്നിട്ടു. 2021 ജൂണ്‍ 19ന് ആരംഭിച്ച ദൗത്യം ഇപ്പോഴും ഒരു ദിവസം പോലും മുടങ്ങാതെ തുടരുകയാണ്. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
മാതൃവിദ്യാലയമായ മേലാങ്കോട്ട് എ സി.കെ.എന്‍.എസ് .ഗവ. യു.പി.സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രവര്‍ത്തനമാണ് വേദിക ഇപ്പോഴും തുടരുന്നത്. റിട്ട: എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ സിംഗ് ബധൂരിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടി. ഇന്ത്യയിലെ ആദ്യത്തെ വനിതാ എയറോനോട്ടിക്കല്‍ പ്രൊജക്റ്റ് ഡയരക്ടര്‍ ഡോ.പത്മാവതി (തേജസ് റോക്കറ്റ് സാങ്കേതിക വിദ്യ), പി സി വിഷ്ണുനാഥ് (പൊതുജന സേവനം), പി എന്‍ വി നായര്‍ (പത്രപ്രവര്‍ത്തനം), ബി എന്‍ എസ് റെഡ്ഢി (കായികം), ഡോ. ജ്യോത്സന ശ്രീകാന്ത് (സംഗീതം),വി.മുരുകന്‍ (സാമൂഹ്യസേവനം) എന്നിവര്‍ക്കും ഇന്‍സ്പയറിങ് ഇന്ത്യന്‍ അവാര്‍ഡ് ലഭിച്ചു. ഡോ അനന്തകൃഷ്ണന്‍ മുരളീധരന്‍ നായര്‍ അധ്യക്ഷനായി.ഐഐഎഫ് ഭാരവാഹികളായ ഡോ കോട്ട ഹരി നാരായണ,ശ്യാം ഷെട്ടി, എസ് ആര്‍ കെ നായര്‍ സംസാരിച്ചു.