പെരിയ: സാംസ്‌കാരിക വൈവിധ്യ സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കിയുള്ള അന്താരാഷ്ട്ര സെമിനാറുകള്‍ സാംസ്‌കാരിക വിനിമയം വേഗത്തിലാക്കുമെന്നും വിനോദ സഞ്ചാരമേഖലകള്‍ക്ക് പുത്തനുണര്‍വുണ്ടാക്കുമെന്നും കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ.വിന്‍സെന്റ് മാത്യു. കേരള കേന്ദ്ര സര്‍വകലാശാല മലയാള വിഭാഗം, ഫോക് ലാന്റ് തൃക്കരിപ്പൂര്‍, കണ്ണൂര്‍ സര്‍വകലാശാ ബഹുഭാഷാ പഠന കേന്ദ്രം, നാട്യ രത്നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക വൈവിധ്യവും സൂക്ഷ്മസംസ്‌കാര സംരക്ഷണവും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോ. വി. ജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. എ. അശോകന്‍ മുഖ്യാതിഥിയായി. ഡോ. ബി. വേണുഗോപാല്‍ മുഖ്യ പ്രഭാഷണവും ഡോ. വി. ബാലകൃഷ്ണന്‍ ആമുഖ ഭാഷണവും നടത്തി. പ്രൊഫ ജോസഫ് കോയിപ്പള്ളി, ഡോ ആര്‍. ചന്ദ്രബോസ്, ഡോ. എ.എം. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന സെഷനുകളില്‍ പ്രൊഫ. അഞ്ജനാ പുരി, ഡോ. സാവിത്രി എന്‍.വി, ഡോ. വി.പി. പ്രഗതി, മൈക്കിള്‍ ലെസ്റ്റര്‍ഹന്‍, ഡോ. പാര്‍ക്ക് സിയോങ്ങ് യോങ്ങ് എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ.വി. രാജീവ് മോഡറേറ്ററായി. സെമിനാര്‍ ഇന്ന് സമാപിക്കും.