ദുബായ്: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശങ്ങളിലെ അനധികൃത റിക്രൂട്ട്‌മെന്റും വിസ തട്ടിപ്പും തടയാനായി കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സുമായി സഹകരിച്ച് ആരംഭിക്കുന്ന ടാസ്‌ക് ഫോഴ്‌സ് പ്രവാസികള്‍ക്ക് ആശ്വാസമാകും.
തൊഴില്‍ തേടുന്ന മലയാളികള്‍ വിസ തട്ടിപ്പിനും റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കബളിപ്പിക്കലിനും ഇരകളാവുന്ന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കാന്‍ തീരുമാനിച്ചത്.
തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദമായ നടപടി ഉറപ്പുവരുത്തുന്നതിനായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്‌സ് ഉദ്യോഗസ്ഥര്‍, എന്‍.ആര്‍.ഐ സെല്‍ പൊലീസ് സൂപ്രണ്ട് എന്നിവര്‍ അംഗങ്ങളായി ടാസ്‌ക്ഫോഴ്സ് രൂപവത്കരിച്ചുകൊണ്ട് പ്രവാസികാര്യ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി കഴിഞ്ഞ ദിവസമാണ് ഉത്തരവിറക്കിയത്.
റിക്രൂട്ട്മെന്റ് സംബന്ധിച്ച പരാതികളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നോര്‍ക്കയുടെ ഓപറേഷന്‍ ശുഭയാത്രയുടെ ഭാഗമായാണ് ശക്തമായ ഈ നീക്കം. റിക്രൂട്ട്മെന്റിന് അംഗീകാരമുള്ളവരും ഇല്ലാത്തവരും വിവിധ തൊഴിലുകളുടെ പേരില്‍ പണം വാങ്ങി ആളുകളെ വിദേശത്തേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിക്കുന്നതായി നോര്‍ക്ക റൂട്ട്‌സ് വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇത്തരം പരാതികളുടെ അന്വേഷണ പുരോഗതി ടാസ്‌ക്ഫോഴ്സ് എല്ലാ മാസവും യോഗം ചേര്‍ന്നു വിലയിരുത്താനാണ് തീരുമാനം.
അനധികൃത റിക്രൂട്ട്‌മെന്റ് തടയണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗല്‍ സെല്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ആര്‍. മുരളീധരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ഇത്തരം തട്ടിപ്പുകള്‍ തടയാനുള്ള നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശവും നല്‍കി.
പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ശിപാര്‍ശകള്‍ പ്രകാരം റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ തടയുന്നതിന് ഫലപ്രദവും കര്‍ശനവുമായ നടപടികള്‍ക്കായി അടിയന്തര നടപടി സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് അഭ്യര്‍ഥിക്കുമെന്ന് കെ. വാസുകി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
വിസ, റിക്രൂട്ട് മെന്റ് തട്ടിപ്പുകള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് എന്‍.ആര്‍.ഐ സെല്ലിനെ ശക്തിപ്പെടുത്തുന്നതിനും ഈ സെല്ലിന് മാത്രമായി ഒരു സൈബര്‍ സെല്‍ രൂപവത്കരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും എന്‍.ആര്‍.ഐ സെല്‍ പൊലീസ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കിയതും പ്രവാസികള്‍ക്ക് ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നീങ്ങാന്‍ പ്രചോദനമാകും.