രാവണേശ്വരം : പഠനം കഴിഞ്ഞ് സ്‌കൂളിനോട് വിട പറഞ്ഞ പഠിതാക്കള്‍ വീണ്ടും സംഗമിക്കുന്നത് ഇന്ന് എല്ലാ കലാലയങ്ങളിലും പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1977- 78 വര്‍ഷത്തില്‍ ഏഴാം ക്ലാസില്‍ പഠിച്ചിറങ്ങിയ പഠിതാക്കള്‍ 46 വര്‍ഷത്തിനുശേഷം രണ്ടാമത് ഒരിക്കല്‍ കൂടി ഒത്തുചേര്‍ന്ന ഉദ്ഘാടന പരിപാടി വേറിട്ടതായി മാറി.തങ്ങളുടെ രക്ഷിതാക്കളായ അച്ഛന്മാരുടെ കൂട്ടായ്മയുടെ ഉദ്ഘാടനം നടത്തിയതും കഥയും പറച്ചിലുമായി മുഖ്യാതിഥിയായി പങ്കെടുത്തതും മക്കളാണ് എന്നതാണ് ഈ പരിപാടിയെ ഏറെ ശ്രദ്ധേയമാക്കിയത്.മാത്രമല്ല മുഖ്യാതിഥികളെല്ലാം ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. കൂട്ടായ്മ അംഗമായ കെ. രാജേന്ദ്രന്റെ മകനും കോഴിക്കോട് റൂറല്‍ എസ്.പി യുമായ പി.നിതിന്‍ രാജാണ് സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഒപ്പം മറ്റൊരു കൂട്ടായ്മ അംഗമായ പരേതനായ ടി.സുകുമാരന്റെ മകനും നാടന്‍ പാട്ട് കലാകാരനും നാടക സിനിമ പ്രവര്‍ത്തകനും മലയാളം അധ്യാപകനുമായ സനല്‍ പാടിക്കാനം പാട്ടും പറച്ചിലുമായി മുഖ്യാതിഥിയായി. കൂടാതെ അന്നത്തെ തങ്ങളുടെ അധ്യാപകനായ ടി. സി. ദാമോദരന്‍ മാസ്റ്ററെ അന്നത്തെ സ്‌കൂള്‍ ലീഡര്‍ ആയിരുന്ന സി.വി ചന്ദ്രന്‍ പൊന്നാട അണിയിച്ച് ആദരിച്ചതും ചടങ്ങിനെ ധന്യമാക്കി. വടംവലി താരം ശ്രീകല, സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപിക ഉണ്ണിമായ, അക്കൗണ്ടന്റ് സജിനി, എം. ടെക്കിന് പഠിക്കുന്ന നവതേജ് തുടങ്ങി നിരവധി മക്കളും മുഖ്യാതിഥികളായി എത്തിയിരുന്നു. കൂട്ടായ്മ പ്രസിഡണ്ട് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷനായി.വിശിഷ്ടാതിഥികളായ പി. നിഥിന്‍ രാജ്, സനല്‍ പാടിക്കാനം എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം ടി. സി.ദാമോദരന്‍ മാസ്റ്റര്‍ ചടങ്ങില്‍ വച്ച് കൈമാറി. അധ്യാപകനായ ടി. സി. ദാമോദരന്‍ മാസ്റ്ററുടെസംഭാഷണത്തില്‍ പഴയകാല ഓര്‍മ്മകള്‍ നിറഞ്ഞ നിന്നതും ഉദ്ഘാടകനും ഇതേ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ആയിരുന്ന കോഴിക്കോട് റൂറല്‍ എസ്.പി പി. നിതിന്‍ രാജിന്റെ വാക്കുകളും മുഖ്യാതിഥിയും ഇതേ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ സനല്‍ പാടിക്കാ നത്തിന്റെ പാട്ടും പറച്ചിലും സംഗമത്തെ വേറിട്ടതാക്കി മാറ്റി. ഒപ്പം കൂട്ടായ്മ അംഗങ്ങളും താങ്കളുടെ പഴയകാല ഓര്‍മ്മകള്‍ അയവിറക്കിയും പരിചയം പുതുക്കിയും വിഭവ സമൃദ്ധമായ ഓണസദ്യ ആസ്വദിച്ചും സ്‌നേഹ കൂട്ടില്‍ നിന്നും മടങ്ങി.വി. ബാബു പാണംതോട് സ്വാഗതം പറഞ്ഞു.