മസ്റ്ററിംഗ് ചെയ്യാത്ത കാലത്തെ പെന്‍ഷന്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും

ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് ഉറപ്പാക്കി നല്‍കാന്‍ ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശം, എന്‍ഡോസള്‍ഫാന്‍ ബാധിതനായ മുഹമ്മദ് ബിലാലിന് തദ്ദേശ അദാലത്തില്‍ ആശ്വാസം മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാത്തതിനാല്‍ പെന്‍ഷന്‍ മുടങ്ങിയ പരാതിയുമായാണ് എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ ജി. എം മുഹമ്മദ് ബിലാല്‍ തദ്ദേശ അദാലത്തിലെത്തിയത്. ഹീമോഫീലിയ രോഗിയായ ബിലാല്‍ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ ആയതിനാലും കോവിഡ് ബാധിച്ചതുമൂലവും മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ 2019 ഓഗസ്റ്റ് മുതല്‍ 2022 ജനുവരി വരെയുള്ള പെന്‍ഷന്‍ ലഭിച്ചില്ല. മസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇതിന് ശേഷമുള്ള പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. മാസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിലാല്‍ തദ്ദേശ അദാലത്തില്‍ പരാതി നല്‍കിയത്. പരാതി പരിശോധിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ബിലാലിന്റെ പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. വിഷയം സര്‍ക്കാര്‍ പരിഗണിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കും. ബിരുദ വിദ്യാര്‍ത്ഥിയായ ബിലാലിന് ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷി സ്‌കോളര്‍ഷിപ്പ് ഉറപ്പ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പെന്‍ഷന്‍ കുടിശ്ശികയ്ക്കുള്ള തുടര്‍നടപടിക്കൊപ്പം പ്രത്യേക സ്‌കോളര്‍ഷിപ്പും ഉറപ്പുവരുത്തിയ സന്തോഷത്തിലാണ് മുഹമ്മദ് ബിലാല്‍ അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *