പാലക്കുന്ന് :പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസം തോന്നും-ജല അതോറിട്ടിയുടെ കീഴില്‍ ബി.ആര്‍.ഡി.സി കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി. മഴക്കാലമായതിനാല്‍ ഇത് അധികമാരുടെയും ശ്രദ്ധയില്‍ പെട്ടില്ലെന്ന് മാത്രം. പാലക്കുന്ന് ടൗണില്‍ സംസ്ഥാന പാതയില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വടക്ക് ഭാഗത്ത് അമ്മ ഗിഫ്റ്റ് ആന്‍ഡ് ഫാന്‍സി ഷോപ്പിന് മുന്‍പിലാണ് രണ്ട് മാസത്തിലേറെയായി വെള്ളം ഒഴുകി പാഴാകുന്നത്. ഈ ഭാഗത്തുള്ള കടകളിലെ കച്ചവടത്തെയും ഇത് ബാധിക്കുന്നുണ്ടെന്നാണ് അവരുടെ പരാതി. ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമായിരിക്കാം പാഴായി ഒലിച്ചു പോകുന്നതെന്നും സമീപത്തെ കടയുടമകളും നാട്ടുകാരും പറയുന്നു. കരിച്ചേരി പുഴയില്‍ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിച്ച് 20 കിലോമീറ്ററുകളോളം പൈപ്പുകളിലൂടെ ഒഴുകി ഇപ്പുറം എത്തുന്ന കുടിവെള്ളം ഒലിച്ചു പോകുന്നത് നോക്കി നില്‍ക്കാനെ നിവൃത്തിയുള്ളൂ വെന്നാണ് പൊതു പരാതി. വെള്ളം പാഴായി പോകുമ്പോള്‍, ചലനവേഗം കുറയുന്നതിനാല്‍ ഈ പദ്ധതിയുടെ വെള്ളം മാത്രം കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് മതിയായ അളവില്‍ വെള്ളം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
തൊട്ടപ്പുറം വേറെയും പൈപ്പ് പൊട്ടി
ഇതേ സംസ്ഥാന പാതയില്‍ പാലക്കുന്നിന് തെക്ക് ഇന്ത്യാനാ ഹോസ്പിറ്റലിന് എതിര്‍ ഭാഗത്ത് കോട്ടിക്കുളം ജമാഅത്ത് പള്ളി റോഡ് മുനമ്പിലും പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയായി. ഇതേ പദ്ധതിവഴിയുള്ള ജല അതോറിട്ടിയുടെ വെള്ളമാണ് ഇവിടെയും പാഴാകുന്നത്. പാലക്കുന്നിലേതിനേക്കാള്‍ ചോര്‍ച്ച ഇവിടെ വലുതാണ്. പാലക്കുന്നിലും കോട്ടിക്കുളത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും തിരിഞ്ഞു നോക്കാത്തത് ജല അതോറിട്ടിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്നും എത്രയും വേഗം ഈ കുടിവെള്ള ചോര്‍ച്ചയ്ക്ക് പരിഹാരം കാണണമെന്നും കോട്ടിക്കുളം- പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി, കോട്ടിക്കുളം മുസ്ലിം ജമാഅത്ത് കമ്മിറ്റി, പാലക്കുന്ന് ബ്രദേഴ്‌സ് ക്ലബ്, കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റുമാര്‍ ആവശ്യപ്പെട്ടു.