പുല്ലൂര്‍ : പുല്ലൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെയും ക്ഷീര വികസന വകുപ്പ് കാഞ്ഞങ്ങാട് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീര കര്‍ഷക സമ്പര്‍ക്ക പരിപാടിയും ക്ഷീര കര്‍ഷകരെ ആദരിക്കല്‍ ചടങ്ങും നടന്നു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് ക്ഷീര കര്‍ഷകരെ ആദരിച്ചു. സംഘം പ്രസിഡണ്ട് ടി.വി. കരിയന്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകനായ കെ. കുഞ്ഞികൃഷ്ണന്‍ എടമുണ്ട, കെ. കെ. സുന്ദരന്‍ പുല്ലൂര്‍, വി. കെ.പാട്ടി എടമുണ്ട എന്നീ ക്ഷീര കര്‍ഷകരെയാണ് പരിപാടിയില്‍ വച്ച് ആദരിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സീത, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് അംഗം എം. വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ക്ഷീര മേഖലയിലെ പുതിയ പദ്ധതികളെ കുറിച്ച് കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസര്‍ വി. മനോഹരനും ശുദ്ധമായ പാല്‍ ഉല്‍പാദനം എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി. വേണുഗോപാലനും ക്ലാസുകള്‍ കൈകാര്യം ചെയ്തു. സംഘം സെക്രട്ടറി പി. കുഞ്ഞിക്കേളു സ്വാഗതം പറഞ്ഞു.