സംസ്ഥാനത്ത് വീണ്ടും നിപ മരണം, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരന്‍ മരിച്ചു;

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്.
കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്‌ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപ സംശയമുണ്ടാകുകയും ശ്രവം പരിശോധനയ്ക്ക് അയച്ചതും. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശേരി സ്വദേശിയായ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 15 ന് മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിക്ക് 20 നാണ് നിപ സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഒരാള്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇയാള്‍ ഉള്‍പ്പെട്ടെ സമ്പര്‍ക്ക പട്ടികയിലുളളവരെല്ലാം നിരീക്ഷണത്തിലാണ്.കുട്ടി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്.

നിപ ബാധിച്ച കുട്ടി 3 ആശുപത്രികളില്‍ ചികിത്സ തേടി,
214 പേര്‍ നിരീക്ഷണത്തില്‍, 2 പഞ്ചായത്തുകളില്‍ നിയന്ത്രണം 246പേരാണ് 14 കാരന്റെ സമ്പര്‍ക്ക പട്ടികയിലുളളത്. അവരില്‍ 63 പേര്‍ ഹൈറിസ്‌കിലാണുള്ളത്. ഹൈ റിസ്‌ക് പട്ടികയിലസുള്ള, രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളാണ് ആദ്യം പരിശോധനക്ക് അയക്കുക. പൂനെയില്‍ നിന്നും മൊബൈല്‍ ലാബ് കൂടി എത്തും. പാണ്ടിക്കാട് പഞ്ചായത്തിലും ആനക്കയം പഞ്ചായത്തിലും വീടുകള്‍ കയറി സര്‍വ്വേ നടത്തും. വണ്ടൂര്‍ കരുവാരക്കുണ്ട് മേഖലയില്‍ ഫീവര്‍ ക്ലിനിക് സജ്ജീകരിക്കും. മൃഗ സംരക്ഷണ വകുപ്പ് മേഖലയില്‍ നിന്നും മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. ഹൈ റിസ്‌കില്‍ പെട്ട രണ്ടു പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. അവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അവരില്‍ ഒരാള്‍ക്ക് വൈറല്‍ ഫീവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലുള്ളവര്‍ എല്ലാവരും മാസ്‌ക്ക് ധരിക്കണം. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. കടകള്‍ രാവിലെ 10 മുതല്‍ 5 മണി വരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളു. മദ്രസ, ട്യൂഷന്‍ സെന്റര്‍ നാളെ പ്രവര്‍ത്തിക്കരുത്. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ക്ക് ആള്‍കൂട്ടം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *