പടുകുറ്റന്‍ പ്ലാവിന്റെ ശിഖരം പൊട്ടി വീണ് വൈദ്യുതി തൂണ്‍ ഒടിഞ്ഞു വീണു, ആളപായമില്ലാതെ രക്ഷപ്പെട്ടു

പാലക്കുന്ന് : പാലക്കുന്ന് മേല്‍പ്പാല നിര്‍മാണത്തിനായി കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ആര്‍ബിഡിസികെ) റെയില്‍പ്പാളത്തിന് കിഴക്ക് ഭാഗത്ത് വാങ്ങിയ ഭൂമി കാട് മൂടികിടക്കുകയാണ്. ആ ഇടത്തിലെ കൂറ്റന്‍ പ്ലാവ് മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് തൊട്ടപ്പുത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കും കെട്ടിടത്തിലേക്കും വൈദ്യുതി എത്തിക്കാന്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണ്‍ ഇന്നലെ(ശനിയാഴ്ച) പുലര്‍ച്ചെ ഒടിഞ്ഞു വീണു. ഒടിഞ്ഞ തൂണിന്റെ മുകള്‍ ഭാഗം കെട്ടിടത്തിന് മുകളിലേക്കാണ് വീണത്. നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.
പാലക്കുന്ന് ആറാട്ടുകടവിലേക്കുള്ള റോഡില്‍ പാലക്കുന്ന് വളവില്‍ ശനിയാഴ്ച രാവിലെയാണ് കാറ്റും മഴയെത്തുടര്‍ന്ന് കൂറ്റന്‍ പ്ലാവിലെ വലിയ ശിഖരം ഒടിഞ്ഞു വീണത്. റോഡിന്റെ കിഴക്ക് ഭാഗത്തെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് പടിഞ്ഞാര്‍ ഭാഗത്തെ വിജയരാഘവന്റെ വീട്ടിലേക്കും കെട്ടിടത്തിലേക്കുമുള്ള വൈദ്യുതി ലൈനിലേക്കാണ് മരശിഖരം പൊട്ടിവീണത്. വീഴ്ചയുടെ ശക്തിയില്‍ ഈ തൂണ് വീണില്ലായിരുന്നുവെങ്കില്‍ ട്രാന്‍സ്‌ഫോമര്‍ ഒടിഞ്ഞു വീണ് വന്‍ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. മേല്‍പ്പാലത്തിനായി വാങ്ങിവെച്ച പറമ്പിലെ വന്‍മരങ്ങള്‍ വെട്ടിമാറ്റണമെന്നും കാട് മൂടികിടക്കുന്ന ഭൂമിയില്‍ ഇഴ ജന്തുക്കള്‍ സമീപവാസികള്‍ക്ക് ഭീഷണിയാകുന്നുമെന്നാണ് പരാതി. ഈ ഇടം വൃത്തിയാക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സീസണില്‍ മൂന്ന് വന്‍മരങ്ങള്‍ തൊട്ടടുത്ത വീടിനടുത്തു കടപുഴകി വീണിരുന്നു. അന്നും തലനാരിഴക്കാണ് ആ വീട്ടിലെ ഗൃഹനാഥന്‍ രക്ഷപ്പെട്ടത്. മേല്‍പ്പാലനിര്‍മാണം വൈകുന്ന ദുരിതത്തിന് പുറമെ ഇതുപോലുള്ള അപകടങ്ങളും ഏറ്റുവാങ്ങേണ്ട അവസ്ഥയിലാണ് ഇവിടത്തെ ജനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *