അതിതീവ്ര മഴ: സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും കോട്ടയം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചതോടെ എട്ട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി.കണ്ണൂരില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളിലാണ് പ്രൊഫഷണല്‍ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ രേഖപ്പെടുത്തിയ സാഹചര്യത്തിലും കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാല്‍ ഇന്ന് അതി തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അവധി പ്രഖ്യാപിച്ചതെന്ന് കണ്ണൂര്‍ കളക്ടര്‍ വ്യക്തമാക്കി.കണ്ണൂര്‍ ജില്ലയിലെ സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ പ്രവര്‍ത്തിക്കില്ല. അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കോളേജുകള്‍ക്ക് ഇന്നത്തെ അവധി ബാധകമല്ലെന്നും വ്യക്തമാക്കിയ കളക്ടര്‍, മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്നും ഉത്തരവിട്ടു.ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചതെന്നും മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കോട്ടയം ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്. അതിനിടെ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയെന്ന പ്രചാരണം വ്യാജമാണെന്ന് അറിയിച്ച് ജില്ലാ കളക്ടര്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി.

Leave a Reply

Your email address will not be published. Required fields are marked *