പാണത്തൂര്‍ : പുലി ഇറങ്ങി എന്ന് സംശയിക്കുന്ന പെരുതടിയിലെ പുളിക്കൊച്ചി, ചെമ്പം വയല്‍ മേഖലയില്‍ അടിയന്തിരമായി കൂട് സ്ഥാപിച്ച് പുലിയെ പിടികൂടി ജനങ്ങളുടെ ഭീതിയകറ്റണമെന്ന് സ്ഥലം സന്ദര്‍ശിച്ച കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം കമ്മറ്റി നേതാക്കള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രദേശത്തെ ഒരു വീട്ടിലെ വളര്‍ത്തുനായയെ പുലി പിടിച്ചത്. പ്രദേശത്തെ തുടര്‍ച്ചയായ ആനശല്യത്തോടൊപ്പം പുലിയുടെ സാന്നിദ്ധ്യം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പുലിയെ അടിയന്തിരമായി പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പനത്തടി ഗ്രാമ പഞ്ചായത്തിനോടും, വനം വകുപ്പിനോടും നേതാക്കള്‍ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ജെ ജയിംസ്, വൈസ് പ്രസിഡന്റ് കെ.എന്‍ വിജയന്‍, കമ്മറ്റിയംഗം ജിജി പോള്‍, കര്‍ഷക കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം ശ്രീധരന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി സുരേഷ്, തോമസ് പെരുതടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.