കൊച്ചി: വേനല്‍ അവധികാലത്തു സ്വദേശത്തെത്തുന്ന പ്രവാസി മലയാളികളെ വരവേല്‍ക്കാന്‍ ‘സ്വാഗതം മലയാളമണ്ണിലേക്ക്’ ക്യാമ്പയിനുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. ആഘോഷങ്ങളുടെയും, ഒത്തുചേരലിന്റെയും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഓര്‍മകളായി സൂക്ഷിക്കാനാകുന്ന കേരള ഡയറി, വിവിധ ഇടങ്ങളില്‍ ഉപയോഗിക്കാവുന്ന ഗിഫ്റ്റ് വൗച്ചറുകള്‍, മൗസ് പാഡ് എന്നിവയടങ്ങിയ കിറ്റാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്ന പ്രവാസികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കൊച്ചി വിമാനത്താവളവുമായി സഹകരിച്ചാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇത്തരമൊരു പദ്ധതിക്ക് തുടക്കമിടുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനിലൂടെ, പ്രവാസ ജീവിതം നയിക്കുന്ന മലയാളിയുടെ മൂല്യമേറിയ നല്ലോര്‍മകള്‍ക്ക് അര്‍ത്ഥവും വ്യാപ്തിയും നല്‍കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ശ്രമിക്കുന്നത്.നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തെ ആദരിക്കുകയാണ് ‘സ്വാഗതം മലയാളമണ്ണിലേക്ക്’ ക്യാമ്പയിനിലൂടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ചെയ്യുന്നതെന്ന് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യവേ സൗത്ത് ഇന്ത്യന്‍ ബാങ്ക് റീട്ടെയില്‍ ബാങ്കിങ് ഡിപ്പാര്‍ട്‌മെന്റ് ചീഫ് ജനറല്‍ മാനേജര്‍ സഞ്ജയ് കുമാര്‍ സിന്‍ഹ പറഞ്ഞു. ‘എത്ര ദൂരെയാണെങ്കിലും തീവ്രമായ ഗൃഹാതുരത്വം നമ്മുടെയെല്ലാം ഓര്‍മകളില്‍ തളംകെട്ടി കിടക്കാറുണ്ട്. മികച്ച ജീവിതസാഹചര്യം തേടി പുറപ്പെടുന്ന ഓരോരുത്തരുടെയും ഇത്തരം നല്ല ഓര്‍മകളെ, ഒരു ധനകാര്യ സ്ഥാപനമെന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനമെന്ന നിലയ്ക്ക്, ഉയര്‍ത്തിപ്പിടിക്കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്. പ്രവാസികളുടെ എല്ലാവിധ ബാങ്കിങ് ആവശ്യങ്ങള്‍ക്കും സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മുഴുവന്‍ സമയ സേവനം ലഭ്യമായിരിക്കും.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിയാലില്‍ നടന്ന ചടങ്ങില്‍ ബാങ്കിന്റെ സീനിയര്‍ ജനറല്‍ മാനേജരും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ സോണി എ, ജോയിന്റ് ജനറല്‍ മാനേജരും എറണാകുളം റീജണല്‍ ഹെഡുമായ മധു എം, ഇരിഞ്ഞാലക്കുട റീജണല്‍ ഹെഡ് റാണി സക്കറിയാസ്, കാസ ഹെഡ് സുമോദ് ഭാസ്‌കരന്‍, മാര്‍ക്കറ്റിങ് ഹെഡ് രമേഷ് കെ പി എന്നിവര്‍ പങ്കെടുത്തു.