കീവ്: റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്‌നില്‍ മരണം 37 ആയി.149 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ചയാണ് യുക്രെയിന്‍ നഗരങ്ങളില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം ഉണ്ടായത്.കീവിലെ കുട്ടികളുടെ ആശുപത്രിയും ആക്രമണത്തിന് ഇരയായി. മൂന്നോളം കുട്ടികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തില്‍ അനുശോചിച്ചും റഷ്യയെ കുറ്റപ്പെടുത്തിയും പാശ്ചാത്യ, യുഎന്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി റഷ്യയും രംഗത്ത് വന്നിട്ടുണ്ട്.റഷ്യന്‍ ആക്രമണത്തിന് തക്കതായ തിരിച്ചടി നല്‍കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ വോളോടിമര്‍ സെലെന്‍സ്‌കി പറഞ്ഞു. 2022 ഫെബ്രുവരിയിലെ റഷ്യന്‍ അധിനിവേശത്തിനു ശേഷം യുക്രെയിനിന്റെ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. ആളുകള്‍ക്കെതിരെ, കുട്ടികള്‍ക്കെതിരെ, പൊതുവെ മനുഷ്യത്വത്തിനെതിരെയുളള വലിയ ആക്രമണമാണ് റഷ്യ നല്‍കിയിരിക്കുന്നത്. എല്ലാ കുറ്റകൃത്യങ്ങള്‍ക്കും റഷ്യ മറുപടി പറയേണ്ടി വരും എന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച യുക്രെയ്ന്‍ നഗരങ്ങളില്‍ നടന്ന റഷ്യന്‍ മിസൈലുകളുടെ ആക്രമണം ഞെട്ടിക്കുന്നതാണ്. ഇത്തരത്തിലുളള ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ഇക്വഡോര്‍, സ്ലൊവേനിയ എന്നിവയുടെ അഭ്യര്‍ത്ഥനപ്രകാരം ചൊവ്വാഴ്ച സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് അറിയിച്ചു.യുക്രെയിനിലുണ്ടായ ആക്രമണം റഷ്യയുടെ ഭീരുത്വവും ക്രൂരതയും നിറഞ്ഞ ആക്രമണമെന്നാണ് ഞങ്ങള്‍ വിളിക്കുന്നതെന്ന് യുകെ അംബാസഡര്‍ ബാര്‍ബറ വുഡ്വാര്‍ഡ് എക്സില്‍ കുറിച്ചു. വാര്‍ ക്രൈംസ് എന്നാണ് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി ആക്രമണത്തെ വിശേഷിപ്പിച്ചത്. നിരപരാധികളായ കുട്ടികളെ ആക്രമിക്കുന്നത് ഏറ്റവും മോശമായ പ്രവൃത്തിയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ അപലപിച്ചു. വാര്‍ഷിക ഉച്ചകോടിക്കായി നാറ്റോ നേതാക്കള്‍ വാഷിംഗ്ടണില്‍ യോഗം ചേരുന്നതിന് ഒരു ദിവസം മുമ്ബാണ് യുക്രെയ്‌നില്‍ ആക്രമണം ഉണ്ടായത്. യുക്രെയ്‌നിലുണ്ടായ ആക്രമണം രാജ്യത്തിന്റെ വ്യോമ പ്രതിരോധ തകരാറുകള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒന്നാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.ആക്രമണത്തില്‍ കുട്ടികളുടെ ആശുപത്രിയിലെ ഒരു വാര്‍ഡ് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഗുരുതരമായ വൃക്കരോഗമുള്ള കുട്ടികളെ ചികിത്സില്‍സിക്കുന്ന വാര്‍ഡാണിത്. നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടത്താനുമുളള ശ്രമം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എത്ര പേരാണ് മരിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്നും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആളുകള്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ലെന്നാണ് ഉദ്യോഗസ്ഥരും എമര്‍ജന്‍സി സ്റ്റാഫും അറിയിക്കുന്നത്.