പാലക്കുന്ന് : റെയില്‍വേയുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികളും ആവശ്യങ്ങളും ഉന്നയിച്ച് പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി പൊതുയോഗം. രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രവും നിരവധി നക്ഷത്ര ഹോട്ടലുകളും സ്ഥിതിചെയ്യുന്ന പരിധിയിലെ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനെ റെയില്‍വേ അവഗണിക്കുകയാണെന്ന് യോഗം പരാതിപ്പെട്ടു.ആദര്‍ശ് സ്റ്റേഷന്‍ പട്ടമുണ്ടെങ്കിലും ഒരു വികസനവും ഇവിടെ ഉണ്ടായിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഒരു മുന്നറിയിപ്പോ കാരണമോ ഇല്ലാതെ നിര്‍ത്തലാക്കിയ റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കുക, കോട്ടിക്കുളത്ത് പരശുറാം എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന എക്‌സിക്യൂട്ടീവ്, ജനശതാബ്ദി എക്‌സ്പ്രസുകളും, നിര്‍ദിഷ്ട ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ പാസഞ്ചറും കാസര്‍കോടേക്കും മംഗളൂര്‍-ഗോവ വന്ദേഭാരത് കണ്ണൂരിലേക്കും നീട്ടണമെന്നും പൊതുയോഗം ആവശ്യപ്പെട്ടു. റെയില്‍വേയുടെ അംഗീകാരവും സ്ഥലമേറ്റെടുക്കലും പൂര്‍ത്തിയായിട്ടും ടെന്‍ഡര്‍ നടപടികളുടെ സാങ്കേതികത്വം പരിഹരിച്ച്, നാടിന്റെ ദുരിതത്തിന് പരിഹാരമുണ്ടാകാന്‍ സഹായിക്കുന്ന മേല്‍പ്പാലം ഉടന്‍ യഥാര്‍ഥ്യമാക്കണമെന്നും ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നവും പരിഗണിച്ച് ജില്ലയില്‍ എയിംസോ കേന്ദ്രസര്‍വകലാശാലയുടെ കീഴില്‍ മെഡിക്കല്‍ കോളേജോ അനുവദിക്കണമെന്നും രാജ്യാന്തര ടൂറിസ വികസനത്തിന്റെ ഭാഗമായി പാലക്കുന്ന്- ഉദുമ ടൗണുകളില്‍ സൗന്ദര്യവല്‍ക്കരണത്തിലും ബീച്ച് ടൂറിസത്തിനും ഊന്നല്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.പ്രസിഡന്റ് പി.വി.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മറ്റു ഭാരവാഹികളായ ബി. അരവിന്ദാക്ഷന്‍, പള്ളം നാരായണന്‍, എ. ബാലകൃഷ്ണന്‍, ശ്രീജാപുരുഷോത്തമന്‍, രവീന്ദ്രന്‍ കൊക്കാല്‍, പാലക്കുന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതിയുടെ ഉപസമിതിയായ വിദ്യാഭ്യാസ സമിതിയുടെ കീഴില്‍ അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അംബിക ആര്‍ട്‌സ് കോളേജ്, നഴ്‌സറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, അംബിക കലാകേന്ദ്രം, അംബിക ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. .