പാലക്കുന്ന് :പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ ഉപയോഗം സമൂഹത്തില്‍ നിന്നും പാടെ ഒഴിവാക്കാനുള്ള പദ്ധതിയുമായി കോട്ടിക്കുളം-പാലക്കുന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.തുണി, പേപ്പര്‍ സഞ്ചികളുമായി സാധനം വാങ്ങാനെത്തുന്നവര്‍ക്ക് യൂണിറ്റ് പരിധിയിലെ പച്ചക്കറി, പലചരക്കുകടകളില്‍ നിന്ന് സമ്മാന കൂപ്പണുകള്‍ നല്‍കുന്ന ‘സഞ്ചി കൊണ്ടുവരൂ, സമ്മാനം നേടൂ’ എന്ന് പേരിട്ട പദ്ധതി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സമിതിയുടെ തീരുമാനം ഏറെ മാതൃകപരവും പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം ഘട്ടം ഘട്ടമായി യാഥാര്‍ഥ്യമാക്കാന്‍ ഇത് സഹായകമാകുമെന്നും അവര്‍ പറഞ്ഞു.വൈസ് പ്രസിഡന്റ് മുരളി പള്ളം അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, വനിത വിംഗ് പ്രസിഡന്റ് റീത്ത പദ്മരാജ്, രാജേഷ് ആരാധന, രാമചന്ദ്രന്‍ അംബ, ഗംഗാധരന്‍ പള്ളം, യൂസഫ് ഫാല്‍ക്കണ്‍, പി.കെ.രാമകൃഷ്ണന്‍, ചന്ദ്രന്‍ തച്ചങ്ങാട് എന്നിവര്‍ സംസാരിച്ചു. പാലക്കുന്നിലെ എന്‍. കെ. സന്തോഷ് കുമാറിന്റെ പച്ചക്കറി കടയില്‍ വിഷുദിനത്തില്‍ ആരംഭം കുറിച്ച പദ്ധതി വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റെടുത്ത് യൂണിറ്റിലെ എല്ലാ പലചരക്ക്, പച്ചക്കറി കടകളിലേക്ക് വ്യാപിപ്പിക്കുകയാണ്. എല്ലാമാസവും 15ന് വിവിധ കടകള്‍ക്ക് മുന്നില്‍ നറുക്കെടുപ്പ് നടത്തി 3 പേര്‍ക്ക് വീതം സമ്മാനങ്ങള്‍ നല്‍കും. വര്‍ഷാവസാനം എല്‍ഇഡി ടി. വി.വാഷിങ്ങ് മെഷീന്‍, ഫ്രിഡ്ജ് എന്നിവയുടെ മെഗാ നറുക്കെടുപ്പും നടത്തും.