രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ബി ക്ലബ്ബിന്റെ ഉദ്ഘാടനം പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്‍ നിര്‍വഹിച്ചു. ജനുവരിയില്‍ നടക്കുന്ന മാനേജ്‌മെന്റ് ഫെസ്റ്റായ ‘വോയേജറി’ന്റെ പോസ്റ്റര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ലോകത്തിന്റെ സാമ്പത്തിക ഭാവി നിര്‍ണയിക്കുന്നതില്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.പി. പറഞ്ഞു. മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് പുതിയ ആശയങ്ങളും നേതൃത്വമികവും വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഡോ. സിജി സിറിയക്ക്, പി.ബി. അനുപ്രിയ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വിഷ്ണു സന്തോഷ്, ബി ക്ലബ് ചെയര്‍മാന്‍ മാധവ് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
ജനുവരിയില്‍ സംഘടിപ്പിക്കുന്ന വോയേജര്‍ മാനേജ്‌മെന്റ് ഫെസ്റ്റില്‍ വിവിധ കോളേജുകളില്‍ നിന്നായി 500-ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മകത, നേതൃത്വപാടവം, സംരംഭകത്വശേഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയായിരിക്കും ഫെസ്റ്റെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.