രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒടയംചാല്‍ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കടമുറികളുടെ ലേലം പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ നടന്നു. 11 മണിക്ക് ആരംഭിച്ച ലേല നടപടികള്‍ വൈകുന്നേരം 5 മണിയോടെ പൂര്‍ത്തിയായി. ആകെ 35 കടമുറികളാണ് ലേലത്തിന് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ ഗ്രൗണ്ട് ഫ്‌ലോറിലെ 15 മുറികളും ഒന്നാം നിലയിലെ 3 മുറികളും ഉള്‍പ്പെടെ ആകെ 18 മുറികള്‍ ലേലത്തില്‍ പോയി. ലേലത്തില്‍ ഏറ്റവും കുറഞ്ഞ തുകയായി 3,850 രൂപയും ഏറ്റവും ഉയര്‍ന്ന തുകയായി 45,000 രൂപയും രേഖപ്പെടുത്തി. ലേല നടപടികള്‍ സുതാര്യമായും ക്രമബദ്ധമായും പൂര്‍ത്തിയാക്കി. പഞ്ചായത്ത് സ്ഥാപനത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലേലം സഹായകമാകുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.