കൊച്ചി: പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ആരംഭിച്ച തത്കാല്‍ എന്‍ പി എസ് പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്കും.അര്‍ഹരായ ഇടപാടുകാര്‍ക്ക് നിലവിലുള്ള ബാങ്ക് കെ വൈ സി വിവരങ്ങള്‍ ഉപയോഗിച്ച് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എന്‍ പി എസ്) അക്കൗണ്ട് ഇനി തല്‍ക്ഷണം ആരംഭിക്കാം.
പൂര്‍ണമായും ഡിജിറ്റലായ ഈ സംവിധാനത്തിലൂടെ 18 മുതല്‍ 85 വയസ്സ് വരെ പ്രായമുള്ള ഇന്ത്യയില്‍ താമസിക്കുന്ന പൗരന്മാര്‍ക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിലൂടെ എന്‍ പി എസ് അക്കൗണ്ട് ആരംഭിക്കാം. 250 രൂപയാണ് നിക്ഷേപിക്കേണ്ട കുറഞ്ഞ തുക. രജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാകുന്നതോടെ പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പ്രാണ്‍) തല്‍ക്ഷണം ലഭിക്കും.
അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സമയവും രേഖാപരമായ നടപടിക്രമങ്ങളും കുറച്ച്, റിട്ടയര്‍മെന്റ് പ്ലാനിങ് കൂടുതല്‍ എളുപ്പവും എല്ലാവര്‍ക്കും പ്രാപ്യവുമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ തൊഴില്‍ മേഖലകളിലും പ്രായവിഭാഗങ്ങളിലുമുള്ളവര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും റിട്ടയര്‍മെന്റിനായി ഒരു സമ്പാദ്യനിധി രൂപപ്പെടുത്തുന്നതിനുമുള്ള ലളിതമായ മാര്‍ഗമാണ് എന്‍ പി എസ്.
ആദ്യഘട്ടത്തില്‍ ഭിം ആപ്ലിക്കേഷനിലൂടെയായിരിക്കും തത്കാല്‍ എന്‍ പി എസ് സേവനം ലഭ്യമാകുക. ഇതിലൂടെ രാജ്യത്തുടനീളമുള്ള ഇടപാടുകാര്‍ക്ക് പെന്‍ഷന്‍ ആസൂത്രണം കൂടുതല്‍ ലളിതമായി ആരംഭിക്കാനാകും.
”ലളിതവും എല്ലാവര്‍ക്കും പ്രാപ്യവും ഡിജിറ്റല്‍ സൗഹൃദവുമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഫെഡറല്‍ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്. പി എഫ് ആര്‍ ഡി എയുടെ തത്കാല്‍ എന്‍ പി എസ് പദ്ധതിയിലെ ഞങ്ങളുടെ പങ്കാളിത്തം ഇടപാടുകാര്‍ക്ക് തങ്ങളുടെ റിട്ടയര്‍മെന്റ് ആസൂത്രണം അനായാസമായി ആരംഭിക്കാനും ദീര്‍ഘകാല സമ്പാദ്യപദ്ധതികളില്‍ പങ്കുചേരുന്നതിന്
പ്രോത്സാഹനം പകരാനും സഹായകമാവും,”പദ്ധതിയെക്കുറിച്ച് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയില്‍ ലയബിലിറ്റി & ഫീ പ്രോഡക്ട്‌സ് കണ്‍ട്രി ഹെഡുമായ ജോയ് പി വി പറഞ്ഞു.
തത്കാല്‍ എന്‍ പി എസ് പദ്ധതിയിലെ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം, ലളിതവും സൗകര്യപ്രദവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ബാങ്കിങ് സേവനങ്ങളിലൂടെ ഇടപാടുകാരുടെ ദീര്‍ഘകാല സാമ്പത്തിക ക്ഷേമത്തിന് പിന്തുണ നല്‍കുന്നത് തുടരുന്നു.