കണ്ണൂര്‍: കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നതിനും സമഗ്രമായ ചികിത്സയിലൂടെ പ്രതിരോധിക്കുന്നതിനുമായി കേരളത്തിലെ ആദ്യത്തെ പീഡിയാട്രിക് ലൈഫ്സ്‌റ്റൈല്‍ ക്ലിനിക്ക് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബാലതാരം ബേബി നക്ഷത്ര ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുട്ടികളുടെ ജീവിതശൈലീ ക്രമീകരണത്തിനും രോഗപ്രതിരോധത്തിനുമായി സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു പ്രത്യേക വിഭാഗം സജ്ജമാകുന്നത്. ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലെ വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെയുള്ള ഈ പ്രത്യേക ക്ലിനിക്ക് പ്രവര്‍ത്തിക്കുക.
മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതികളും വ്യായാമക്കുറവും അമിതമായ മൊബൈല്‍ ഉപയോഗവും മൂലം കുട്ടികളില്‍ ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്കായി ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് സജ്ജീകരിച്ചത്. അമിതവണ്ണം, ടൈപ്പ്-2 പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഫാറ്റി ലിവര്‍, ഉറക്കമില്ലായ്മ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇന്ന് ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ ബാധിക്കുന്നുണ്ട്. കൂടാതെ കുട്ടികളിലെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗവും അതുമൂലമുണ്ടാകുന്ന ഓട്ടിസം, എ.ഡി.എച്ച്.ഡി, പെരുമാറ്റ വൈകല്യങ്ങളും തുടങ്ങി പഠന വൈകല്യങ്ങള്‍ വരെ ഇന്ന് വളര്‍ന്നുവരുന്ന പ്രധാന ആരോഗ്യപ്രശ്‌നങ്ങളാണ്. കൃത്യസമയത്ത് ശ്രദ്ധ ലഭിച്ചില്ലെങ്കില്‍ ഇവ കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുകയും ഭാവിയില്‍ ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ ദീര്‍ഘകാല രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.
ഈ വെല്ലുവിളികളെ നേരിടുന്നതിനായി ശിശുരോഗ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രത്യേക ക്ലിനിക്കില്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കും പുറമെ കുട്ടികളുടെ ഭക്ഷണക്രമം ക്രമീകരിക്കുന്നതിനുള്ള ന്യൂട്രീഷ്യനിസ്റ്റുകളുടെ സേവനം മാനസികാരോഗ്യം ഉറപ്പാക്കുന്നതിനുള്ള കൗണ്‍സിലിംഗ് വ്യായാമം ഉള്‍പ്പെടുത്തിയുള്ള ജീവിതശൈലീ ക്രമീകരണം എന്നിവ ചേര്‍ന്ന സമഗ്രമായ പരിചരണമാണ് ആശുപത്രി അധികൃതര്‍ ലഭ്യമാക്കിയിരിക്കുന്നത്.
കുട്ടിക്കാലത്തെ ആരോഗ്യകരമായ ജീവിതശൈലിയാണ് ഭാവിയിലെ ആരോഗ്യമുള്ള ഒരു തലമുറയുടെ അടിത്തറ എന്നതിനാല്‍ കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ തുടക്കത്തില്‍ തന്നെ കണ്ടെത്തി ശാസ്ത്രീയമായി പ്രതിരോധിക്കാന്‍ സാധിക്കും എന്ന് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. നന്ദകുമാര്‍ എം.കെ പറഞ്ഞു. കൂടാതെ മേഖലയിലെ ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ പ്രാദേശികമായി തന്നെ ലഭ്യമാക്കുക എന്ന ആശുപത്രിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ആരോഗ്യപരിപാലന രംഗത്തെ അനിവാര്യമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് പ്രാധിനിത്യം നല്‍കുന്നതെന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് സി.ഒ.ഒ ഡോ. അനൂപ് നമ്പ്യാര്‍ അഭിപ്രായപ്പെട്ടു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ പീഡിയാട്രിക് വിഭാഗം ഡോ. കിരണ്‍, ഡോ. വീണാകുമാരി, ഡോ. അമൃതാ, എന്‍ഡോക്രൈനോളജി വിഭാഗം ഡോ. അര്‍ജുന്‍, നിയോനേറ്റോളജി വിഭാഗം ഡോ. ശ്രീകാന്ത് .സി. നായര്‍ എന്നിവര്‍ സംബന്ധിച്ചു. മികച്ച ചികിത്സയ്ക്കൊപ്പം തന്നെ ആരോഗ്യകരമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള ദൗത്യം ആശുപത്രി തുടരുമെന്ന് മാനേജ്മെന്റ് അധികൃതര്‍ വ്യക്തമാക്കി.