സമസ്തിപൂര്‍: ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ഛഠ് പൂജയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ പ്രസാദം കഴിച്ചുവെന്ന കാരണത്താല്‍ നാല് വയസ്സുള്ള മകളെ അമ്മ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മയായ റീന കുമാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
രാജു പാസ്വാന്റെയും റീന കുമാരിയുടെയും മകളായ സുഹാനി കുമാരിയാണ് കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങള്‍ ഛഠ് പൂജയുടെ ആവശ്യങ്ങള്‍ക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. പൂജയ്ക്കായി നിവേദ്യമൊരുക്കുന്നതിനിടയില്‍ കുട്ടി പ്രസാദത്തില്‍ നിന്ന് എടുത്തു കഴിച്ചതാണ് അമ്മയെ പ്രകോപിപ്പിച്ചത്.തുടര്‍ന്ന് അമ്മ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് അവശനിലയിലായ കുട്ടിയെ ഉടന്‍ തന്നെ സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ഇതിനോടകം മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനായി സമസ്തിപൂര്‍ സദര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.