മധുര ജ്വല്ലറി കവര്‍ച്ച:മുഖ്യപ്രതി നിഷാന്ത് പോലീസ് പിടിയില്‍;

മധുര: തമിഴ്നാട്ടിലെ മധുരയില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച തനിഷ്‌ക് ജ്വല്ലറി ഷോറൂമില്‍ നടന്ന വന്‍ കവര്‍ച്ചാക്കേസിലെ മുഖ്യപ്രതി നിഷാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സേലത്തേക്ക് പോവുകയായിരുന്ന ബസില്‍നിന്നാണ് അധിയമാന്‍കോട്ട പോലീസ് ഇയാളെ പിടികൂടിയത്. പോലീസ് എത്തിയതറിഞ്ഞ് ബസിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. കേസില്‍ നിഷാന്തിന്റെ സുഹൃത്തും ഇന്‍ഫ്‌ലുവന്‍സറുമായ മീനാക്ഷി, പിതാവ് സുരേഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മധുര ബൈപ്പാസ് റോഡിലെ പഴങ്ങാനത്തത്ത് പുതുതായി തുറന്ന ഷോറൂമില്‍ നവംബര്‍ 12-ന് പുലര്‍ച്ചെയായിരുന്നു കവര്‍ച്ച. ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ഷോറൂമിലെത്തിയ നിഷാന്ത് സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. പുതിയ ഷോറൂം ആയതിനാല്‍ ലോക്കര്‍ സംവിധാനം പൂര്‍ണ്ണമായി സജ്ജമാകാതിരുന്നതും രാത്രിയില്‍ അലാറം പ്രവര്‍ത്തിപ്പിക്കാതിരുന്നതും പ്രതിക്ക് സഹായകമായി. കെട്ടിടത്തിന് പിന്നിലെ സ്‌കഫോള്‍ഡിങ് വഴി ടെറസിലെത്തിയ നിഷാന്ത്, ലിഫ്റ്റ് ഷാഫ്റ്റിലൂടെ അകത്തുകടന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. കവര്‍ച്ചയ്ക്ക് ശേഷം ആഭരണങ്ങള്‍ നിറച്ച ബാഗ് പിതാവ് സുരേഷിനെ ഏല്‍പ്പിച്ച് മീനാക്ഷിയുടെ സ്‌കൂട്ടറിലാണ് ഇയാള്‍ രക്ഷപ്പെട്ടത്.

മീനാക്ഷിക്ക് വീട് നിര്‍മ്മാണത്തിനും മറ്റുമായി വന്‍തുക ആവശ്യമായി വന്നതിനെത്തുടര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. മധുരയിലെ കോളേജില്‍ ഒരുമിച്ച് പഠിച്ച ഇരുവരും യൂട്യൂബര്‍മാരാണ്. മോഷ്ടിച്ച ആഭരണങ്ങളില്‍ ആറ് കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും മാടക്കുളം കുളത്തിന് സമീപമുള്ള കൃഷിയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെടുത്തു. കവര്‍ച്ചാസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാന്‍ പിതാവ് സുരേഷ് സഹായിച്ചതായും പ്രതിയുടെ വീട്ടില്‍ നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഷൂസും കൈയുറകളും കണ്ടെത്തിയതായും പോലീസ് കമ്മീഷണര്‍ എസ്. രാജേന്ദ്രന്‍ അറിയിച്ചു. ഓട്ടോറിക്ഷാ യാത്രയുടെ വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍, പ്രദേശത്തെ ഒരു കാലിവളര്‍ത്തുകാരന്‍ നല്‍കിയ വിവരം എന്നിവയാണ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്. നേരത്തെ അറസ്റ്റിലായ മീനാക്ഷിയെയും സുരേഷിനെയും കോടതി നവംബര്‍ 29 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *