യുഎഇയില്‍ ഗതാഗത നിയമങ്ങളില്‍ മാറ്റം; ജനുവരി മുതല്‍ പുതിയ നിബന്ധനകള്‍

യുഎഇയില്‍ കുട്ടികളുടെ വാഹനായാത്രയുമായി ബന്ധപ്പെട്ട ഗതാഗത നിയമങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുന്നു. 2027 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ഫെഡറല്‍ നിയമപ്രകാരം 10 വയസ്സിന് മുകളിലുള്ളവര്‍ക്കോ കുറഞ്ഞത് 145 സെന്റീമീറ്റര്‍ ഉയരമുള്ള കുട്ടികള്‍ക്കോ കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യാം. പ്രായം, ഉയരം എന്നീ രണ്ട് ഉപാധികളും ഒരേസമയം പാലിക്കേണ്ടതില്ലെന്നതാണ് പ്രധാന പ്രത്യേകത. അതായത് 10 വയസ്സ് തികഞ്ഞിട്ടില്ലെങ്കിലും 145 സെന്റീമീറ്റര്‍ ഉയരമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് മുന്‍സീറ്റിലിരിക്കാന്‍ അനുമതിയുണ്ടാകും.
അതേസമയം, നാല് വയസ്സും അതില്‍ താഴെയുമുള്ള കുട്ടികള്‍ക്ക് വാഹനത്തിന്റെ പിന്‍സീറ്റില്‍ ചൈല്‍ഡ് സേഫ്റ്റി സീറ്റ് നിര്‍ബന്ധമാണ്. കുട്ടിയുടെ പ്രായം, ഭാരം, ഉയരം എന്നിവയ്ക്ക് അനുയോജ്യമായതും രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ സീറ്റുകളാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഇത്തരം സീറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് അംഗീകൃത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ ഇളവ് ലഭിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടിക്ക് കൂട്ടിനായി പിന്‍സീറ്റില്‍ മറ്റൊരാള്‍ ഉണ്ടായിരിക്കണം.
പിന്‍സീറ്റുകളില്ലാത്ത വാഹനങ്ങളില്‍ മുന്‍സീറ്റില്‍ തന്നെ ചൈല്‍ഡ് സേഫ്റ്റി സീറ്റ് ഘടിപ്പിക്കാന്‍ ഇളവുണ്ട്. എന്നാല്‍ ഈ സീറ്റുകള്‍ പിന്‍വശത്തേക്ക് അഭിമുഖമായി സ്ഥാപിക്കുകയും മുന്‍വശത്തെ എയര്‍ബാഗ് പ്രവര്‍ത്തനരഹിതമാക്കുകയും വേണം. യുഎഇയിലെ റോഡ് ഗതാഗതം കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന കാബിനറ്റ് തീരുമാനത്തിലെ വ്യവസ്ഥകളാണ് ജനുവരി 1 മുതല്‍ രാജ്യത്തുടനീളം നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *