തിരുവനന്തപുരം: ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലും യുവതിക്കുനേരെ ലൈംഗികാതിക്രമവും മര്‍ദനവും.സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശി വിജീഷിനെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. മലബാര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്സ്പ്രസിലെ യാത്രക്കാരിയായ യുവതിക്കുനേരെ ട്രെയിനില്‍വെച്ച് ആദ്യം അതിക്രമ ശ്രമമുണ്ടായി. ഈ സമയം ഒപ്പമുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ ഇടപെട്ട് പ്രതിയെ തടഞ്ഞു. തുടര്‍ന്ന് പേട്ട സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ യുവതി പുറത്തേക്കിറങ്ങി. എന്നാല്‍ പ്രതിയും യുവതിയെ പിന്തുടര്‍ന്ന് പ്ലാറ്റ്ഫോമിലെത്തുകയും വീണ്ടും ആക്രമിക്കുകയുമായിരുന്നു.
ആക്രമണം ചോദ്യംചെയ്ത യുവതിയെ പ്രതി മര്‍ദിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പ്ലാറ്റ്ഫോമില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മറ്റു യാത്രക്കാരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടി റെയില്‍വേ പോലീസിന് കൈമാറിയത്. ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം യുവതി തമ്പാനൂര്‍ റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.