നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വായു ഗുണനിലവാര സൂചിക അപകടനില ഭേദിച്ച് 400-ന് മുകളിലായി തുടരുകയാണ്. മലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് കടന്നതോടെ അധികൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ദീപാവലി ആഘോഷങ്ങള്‍ക്കിടയിലാണ് ഡല്‍ഹിയില്‍ വായു മലിനീകരണം ക്രമാതീതമായി ഉയര്‍ന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുള്ള 22-ലധികം മലിനീകരണ നിരീക്ഷണ കേന്ദ്രങ്ങളില്‍ എക്യുഐ 400-ന് മുകളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐഐടി ഡല്‍ഹി, പഞ്ചാബി ബാഗ്, വിവേക് വിഹാര്‍, ജഹാംഗീര്‍പുരി, രോഹിണി, മുണ്ട്ക തുടങ്ങിയ പ്രദേശങ്ങളിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയും കാറ്റിന്റെ വേഗത കുറഞ്ഞതും അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്നതുമാണ് സ്ഥിതി വഷളാക്കിയതെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.
അടിയന്തര പ്രതിരോധ നടപടികളുടെ ഭാഗമായി ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടം ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കി. പൊടിപടലങ്ങള്‍ ഉയര്‍ത്തുന്ന എല്ലാവിധ നിര്‍മ്മാണ, പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിഎസ്-3 പെട്രോള്‍, ബിഎസ്-4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപ ജില്ലകളായ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളുടെ ക്ലാസുകള്‍ ഹൈബ്രിഡ് രീതിയിലേക്ക് മാറ്റാന്‍ നിര്‍ദേശമുണ്ട്. കൂടാതെ പൊതു-സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ അനുവദിക്കുന്ന കാര്യം പരിഗണിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്നവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരും പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും പ്രഭാത സവാരികള്‍ പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഇന്നും നാളെയും രണ്ട് മണിക്കൂര്‍ നേരത്തേക്ക് മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതിയുള്ളത്.