പഠിച്ചിറങ്ങിയിട്ടും വഴിമുട്ടി പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍; രജിസ്‌ട്രേഷന്‍ വൈകുന്നത് 6 മാസത്തോളം, തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നു

കേരള ആരോഗ്യ സര്‍വകലാശാലയില്‍ നിന്ന് പഠിച്ചിറങ്ങുന്ന പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വൈകുന്നതുമൂലം തൊഴിലവസരങ്ങള്‍ നഷ്ടമാകുന്നതായി പരാതി. ബി.എസ്സി എം.എല്‍.ടി ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ത്ഥികളാണ് സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷനായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്.പരീക്ഷാഫലം വന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ജോലിക്ക് അപേക്ഷിക്കാനോ സ്വന്തമായി സ്ഥാപനങ്ങള്‍ ആരംഭിക്കാനോ സാധിക്കൂ. നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി 500 രൂപയുടെ ഡി.ഡി സഹിതം തിരുവനന്തപുരത്തുള്ള കൗണ്‍സില്‍ ഓഫീസിലേക്ക് അയച്ചു നല്‍കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കൗണ്‍സില്‍ ഇത് സര്‍വകലാശാലയിലേക്ക് അയച്ച് ആധികാരികത ഉറപ്പുവരുത്തുന്നു. ഇവിടെനിന്ന് തിരിച്ചെത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സെക്രട്ടേറിയറ്റ് അനക്സിലുള്ള കൗണ്‍സില്‍ ഡയറക്ടര്‍ ഓഫീസിലെത്തിച്ച് അണ്ടര്‍ സെക്രട്ടറിയുടെ ഒപ്പ് വാങ്ങിയ ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. ഈ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ആറുമാസത്തിലധികം സമയമെടുക്കുന്നുണ്ട്.
ഡി.ഫാം തുടങ്ങിയ സമാന കോഴ്സുകളില്‍ പരീക്ഷാഫലത്തോടൊപ്പം തന്നെ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കി നല്‍കുന്ന രീതി നിലവിലുണ്ട്. എന്നാല്‍ പാരാമെഡിക്കല്‍ വിഭാഗത്തില്‍ ഈ സംവിധാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇതുമൂലം 2026-ല്‍ പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാര്‍ത്ഥികളുടെയും സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകാതെ കെട്ടിക്കിടക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *