അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരിച്ചടിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞു. ഇറാനെതിരായ അമേരിക്ക-ഇസ്രയേല്‍ സൈനിക നടപടികള്‍ക്ക് അയവു വന്നേക്കാമെന്ന നിക്ഷേപകരുടെ പ്രതീക്ഷകളെ തുടര്‍ന്ന് തുടര്‍ച്ചയായ നാലാം ദിനത്തിലും എണ്ണവില താഴ്ന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 94 ഡോളറിന് താഴെയെത്തി.
വ്യാപാരം ആരംഭിച്ചപ്പോള്‍ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ ബാരലിന് 97 സെന്റ് (1.03%) കുറഞ്ഞ് 93.65 ഡോളറിലെത്തി. അമേരിക്ക വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ബാരലിന് 1.14 ഡോളര്‍ (1.29%) ഇടിഞ്ഞ് 86.98 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ സെഷനില്‍ 8 ശതമാനത്തിലധികം കുത്തനെ ഇടിഞ്ഞ എണ്ണവില, ഓഗസ്റ്റ് 31-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവിലുള്ളത്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട തോല്‍വി, ഇറാനെതിരായ ട്രംപിന്റെ ഏകപക്ഷീയമായ സൈനിക നീക്കങ്ങള്‍ക്ക് തടയിടുമെന്നും ഇത് പശ്ചിമേഷ്യയില്‍ നയതന്ത്ര പരിഹാരത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും ആഗോള നിക്ഷേപകര്‍ വിലയിരുത്തുന്നു.
ഇതോടെ നിര്‍ണായക കടല്‍പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താന്‍ തുടങ്ങിയിട്ടുണ്ട്. വിപണിയില്‍ എണ്ണവില 100 ഡോളറിന് താഴെയെത്തിയെങ്കിലും അസ്ഥിരത തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ അമേരിക്കന്‍ കോണ്‍ഗ്രസ് ജനുവരിയില്‍ മാത്രമേ അധികാരമേല്‍ക്കൂ എന്നതിനാല്‍ നിലവിലെ നയങ്ങളില്‍ പെട്ടെന്ന് മാറ്റമുണ്ടാകില്ലെന്ന് എനര്‍ജി കണ്‍സള്‍ട്ടന്‍സി എക്‌സ്എ സി.ഇ.ഒ മുകേഷ് സഹ്‌ദേവ് ചൂണ്ടിക്കാട്ടി. കൂടാതെ, പ്രധാന ഉപഭോഗ രാജ്യങ്ങളിലെ വാണിജ്യ എണ്ണ ശേഖരം 15 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് താഴ്ന്നതും വിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.