ട്രെയിനുകളിലെ റിസര്‍വ് ചെയ്ത സ്ലീപ്പിങ് ബെര്‍ത്തുകള്‍ രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന റെയില്‍വേ നിയമം മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. രോഗിയായ ഭാര്യയ്ക്കൊപ്പം യാത്ര ചെയ്യുമ്പോള്‍ അനുവദിച്ച സമയപരിധി കഴിഞ്ഞും ബെര്‍ത്ത് ഉപയോഗിക്കാന്‍ സഹയാത്രക്കാര്‍ അനുവദിച്ചില്ലെന്നും, അതിനാല്‍ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ യാത്രക്കാരുടെ വ്യക്തിപരമായ ഒറ്റപ്പെട്ട അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി പൊതുനിയമങ്ങള്‍ അസാധുവാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ധര്‍മാധികാരി, ജസ്റ്റിസ് ജി. അരുള്‍ മുരുകന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. രോഗികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക ഇളവുകള്‍ ഉണ്ടെങ്കിലും, ട്രെയിനിലെ എല്ലാ യാത്രികരുടെയും സുഖസൗകര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനാണ് ഈ സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
രാത്രി 10 മുതല്‍ രാവിലെ 6 വരെയുള്ള സമയം കഴിഞ്ഞാല്‍ സ്ലീപ്പിങ് ബെര്‍ത്ത് ഇരിപ്പിട സൗകര്യമായി മാറുമെന്നാണ് റെയില്‍വേ കൊമേഴ്സ്യല്‍ മാനുവല്‍ വ്യവസ്ഥ ചെയ്യുന്നത്. മിഡില്‍, അപ്പര്‍ ബെര്‍ത്തുകള്‍ ലഭിച്ചവര്‍ക്കും പകല്‍ സമയത്ത് യാതൊരു ബുദ്ധിമുട്ടും കൂടാതെ താഴെ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പുവരുത്താനാണ് ഈ ക്രമീകരണമെന്നും കോടതി വ്യക്തമാക്കി.