അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കില്‍ കയറ്റി! 14-കാരിയെ പീഡിപ്പിച്ചു; പോക്സോ കേസില്‍ പന്തളം സ്വദേശിക്ക് 13 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: അനിയനൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന 14-കാരിയെ അച്ഛന്റെ സുഹൃത്തെന്ന വ്യാജേന ബൈക്കില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈനെ (കിച്ചാമണി 35) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിര്‍ളയാണ് ശിക്ഷിച്ചത്. പിഴ തുക ഒടുക്കാത്ത പക്ഷം മൂന്ന് വര്‍ഷവും ഒന്‍പത് മാസവും അധിക തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിയില്‍ വ്യക്തമാക്കുന്നു.

2025 ജനുവരി 24-നായിരുന്നു നാടിനെ നടുക്കിയ സംഭവം. രാവിലെ 7.45-ഓടെ അനുജന്റെയൊപ്പം സ്‌കൂളിലേക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ, അച്ഛന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി ബൈക്കില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് അനുജനെ പാതിവഴിയില്‍ ഇറക്കിവിട്ട ഇയാള്‍, ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കടയില്‍ കൊണ്ടുപോയി. തിരികെ പോകുംവഴി വിജനമായ ഇടവഴിയില്‍ വെച്ച് ലൈംഗികാതിക്രമം നടത്തുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് പ്രതി അനുജനെയും കൂട്ടി കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിട്ടു.

ഭയം കാരണം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ലെങ്കിലും, മാനസികമായി തകര്‍ന്ന പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സഹപാഠിയോട് വിവരം തുറന്നുപറയുകയായിരുന്നു. കൂട്ടുകാരി ഉടന്‍ തന്നെ അധ്യാപകരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സമാനമായ കേസില്‍ മുന്‍പും ശിക്ഷ അനുഭവിക്കപ്പെട്ടിട്ടുള്ള പ്രതിക്കെതിരെ മറ്റൊരു പീഡനക്കേസ് വിചാരണ ഘട്ടത്തിലാണ്. തുമ്പ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു ആറിന്റെ നേതൃത്വത്തില്‍ അന്വേഷിച്ച കേസില്‍ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ. ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *