രാജ്യത്തെ പതിനാല് ലക്ഷത്തോളം വരുന്ന സൈനികരുടെസ്വകാര്യ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളില്‍ പൂര്‍ണ്ണ ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന

ദേശീയപാതകളില്‍ പുതിയതായി നടപ്പിലാക്കുന്ന ‘മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ലോ’ ടോള്‍ സംവിധാനത്തില്‍ സൈനികരുടെ വാഹനങ്ങള്‍ക്ക് തെറ്റായി ഇ-ചെല്ലാനുകള്‍ ലഭിക്കുന്നത് ഒഴിവാക്കാനാണ് ഈ പുതിയ തീരുമാനം. നിലവില്‍ നേരിട്ടുള്ള പരിശോധനയിലൂടെ ടോള്‍ ഇളവ് ലഭിക്കുന്നുണ്ടെങ്കിലും, ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഗതാഗത തടസ്സമില്ലാതെ സൈനികര്‍ക്ക് യാത്ര ചെയ്യാനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സൈനികരുടെ വാഹനങ്ങള്‍ക്ക് നല്‍കുന്ന ഫാസ്ടാഗ് വാര്‍ഷിക പാസിന്റെ തുക പ്രതിരോധ മന്ത്രാലയം നല്‍കുക, അല്ലെങ്കില്‍ പണം ഈടാക്കാതെ വാഹനത്തിന്റെ സഞ്ചാരം മാത്രം രേഖപ്പെടുത്തുന്ന പ്രത്യേക ഫാസ്ടാഗ് ഏര്‍പ്പെടുത്തുക എന്നീ രണ്ട് പ്രധാന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്.

2028 സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്തെ ആയിരത്തിലധികം ടോള്‍ പ്ലാസകളില്‍ ‘മള്‍ട്ടിലെയ്ന്‍ ഫ്രീ ഫ്‌ലോ’ സംവിധാനം പൂര്‍ണ്ണമായി നടപ്പിലാക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. നിലവില്‍ ചില ഹൈവേകളില്‍ മാത്രം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതികവിദ്യ രാജ്യവ്യാപകമായി ഡിജിറ്റലായി ഉയര്‍ത്തുന്നതിന് മുന്‍പായി സൈനികരുടെ ടോള്‍ ഇളവ് സംബന്ധിച്ച വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *