ഇടുക്കി കമ്പംമെട്ടില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ യുവതിയെ ഓഫീസില്‍ നിന്ന് പിടിച്ചിറക്കി ഭര്‍ത്താവ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച ശേഷം സ്വയം വെടിവെച്ച് മരിച്ചു. കമ്പംമെട്ട് നെറ്റിത്തൊഴു സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ (ഒക്ടോബര്‍ 30) 9.30ഓടെ കുഴിത്തൊളു പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
സന്തോഷും ഭാര്യ ശ്രീജയും തമ്മില്‍ കുറച്ചുകാലമായി പിണക്കത്തിലായിരുന്നു. ശ്രീജ തൂക്കുപാലത്താണ് താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വിവാഹമോചന കേസിന്റെ വിധി നാളെ (ഒക്ടോബര്‍ 31) വരാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. ഇന്ന് രാവിലെ ജോലിക്കായി ഓഫീസിലെത്തിയ ശ്രീജയെ സന്തോഷ് ബലമായി പുറത്തേക്ക് വലിച്ചിറക്കുകയും കയ്യില്‍ കരുതിയിരുന്ന കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു.
ശ്രീജയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരെ സന്തോഷ് തോക്കുചൂണ്ടി ഭയപ്പെടുത്തി ഓടിച്ചു. തുടര്‍ന്ന് റിവോള്‍വര്‍ ഉപയോഗിച്ച് സ്വന്തം തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പംമെട്ട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്