തിരുവനന്തപുരം: കേരളവും ബംഗാളുമായുള്ള രഞ്ജി ട്രോഫി മത്സരത്തിന് നാളെ തുടക്കം.തിരുവനന്തപുരം മംഗലപുരം കെ.സി.എ. ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാം മത്സരമാണിത്.
ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് ലീഡ് വഴങ്ങിയ കേരളം, രണ്ടാം മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയവുമായി തിരിച്ചുവന്നിരുന്നു. എട്ട് പോയിന്റോടെ സി ഗ്രൂപ്പില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് കേരളം. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ബംഗാള്‍ 12 പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് . ഒഡീഷയ്‌ക്കെതിരെ കളിച്ച അതേ ടീമിനെ തന്നെയാണ് കേരളം ഈ മത്സരത്തിലും നിലനിര്‍ത്തിയിരിക്കുന്നത്.
സീനിയര്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം ഒരുക്കിയത്. സച്ചിന്‍ ബേബിയുടെയും മുഹമ്മദ് അസറുദ്ദീന്റെയും സെഞ്ച്വറികളുടെ മികവില്‍ കേരളം 404 റണ്‍സെടുത്തപ്പോള്‍ രണ്ട് ഇന്നിങ്‌സുകളിലുമായി 368 റണ്‍സ് മാത്രമാണ് ഒഡീഷയ്ക്ക് നേടാനായത്. ജലജ് സക്‌സേനയും ആദിത്യ സര്‍വാടെയും വൈശാഖ് ചന്ദ്രനുമടങ്ങുന്ന സ്പിന്‍ നിരയുടെ മികച്ച ബൗളിങ്ങാണ് ഒഡീഷയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേന ഈ നേട്ടത്തില്‍ ഇതിഹാസ താരം ബിഷന്‍ സിങ് ബേദിയുടെ റെക്കോഡിന് ഒപ്പമെത്തിയിരുന്നു. രഞ്ജിയില്‍ ജലജിന്റെ 35-ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്.
മറുവശത്ത് ഡല്‍ഹിക്കും സര്‍വീസസിനും എതിരെ നേടിയ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ബംഗാള്‍ കേരളത്തിനെതിരെ കളിക്കാനിറങ്ങുക. ഡല്‍ഹിയെ ഒന്‍പത് വിക്കറ്റിനും സര്‍വീസസിനെ 60 റണ്‍സിനുമാണ് ബംഗാള്‍ തോല്‍പ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്തുള്ള മികച്ച ടീമാണ് ബംഗാളിന്റേത്. അഭിമന്യു ഈശ്വരനും അഭിഷേക് പോറലും സുദീപ് ചാറ്റര്‍ജിയും സുധീപ് കുമാര്‍ ഘരാമിയും അടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലാണ്. മുഹമ്മദ് ഷമിയും ഷഹബാസ് അഹമ്മദും അടങ്ങുന്ന ബൗളിങ് നിരയും അതിശക്തമാണ്. അതുകൊണ്ടുതന്നെ ഈ സീസണില്‍ കേരളത്തിന്റെ ഏറ്റവും കടുപ്പമേറിയ എതിരാളികളില്‍ ഒരാളാണ് ബംഗാള്‍.