ക്ഷീരമേഖലയെ ശാസ്ത്രീയവും ആധുനികവുമായ രീതികളിലൂടെ കൂടുതല്‍ ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര പദ്ധതിയാണ് ‘പാലാഴി’.
കന്നുകാലികളുടെ ആരോഗ്യപരിപാലനം, പാലുല്‍പാദന വര്‍ധന, ശാസ്ത്രീയ പ്രജനന രീതികള്‍, ധാതുലവണങ്ങളുടെ ലഭ്യത, തീറ്റപ്പുല്‍ കൃഷി എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന ഒരു വര്‍ഷത്തെ പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് മികച്ച വരുമാനവും കന്നുകാലികള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ക്ഷീരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ ലിംഗനിര്‍ണയം നടത്തിയ ബീജമാത്രകളുടെ (സെക്സ് സോര്‍ട്ടഡ് സെമന്‍) ഉപയോഗമാണ് പദ്ധതിയുടെ പ്രധാന സവിശേഷത. ഈ സാങ്കേതികവിദ്യയിലൂടെ പെണ്‍കിടാവുകള്‍ ജനിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനാകും. കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ (കെ.എല്‍.ഡി. ബോര്‍ഡ്) സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ ബീജമാത്രകള്‍ വാങ്ങുന്നതിനുള്ള ചെലവ് ബ്ലോക്ക് പഞ്ചായത്ത് വഹിക്കുന്നു. ഇതുവഴി കര്‍ഷകര്‍ക്ക് അധിക സാമ്പത്തികബാധ്യതയില്ലാതെ ആധുനിക കൃത്രിമ ബീജാദാന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. പദ്ധതിയിലൂടെ ഇതുവരെ 25 പെണ്‍കിടാവുകള്‍ ജനിച്ചു. ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലായി പ്രവര്‍ത്തിക്കുന്ന ഏഴ് വെറ്ററിനറി ഡിസ്പെന്‍സറികളിലൂടെയും മുപ്പതോളം വെറ്ററിനറി ഉപകേന്ദ്രങ്ങളിലൂടെയും സേവനം കര്‍ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
രോഗലക്ഷണങ്ങള്‍ പ്രകടമായശേഷം ചികിത്സിക്കുന്ന രീതിക്കുപകരം, രോഗസാധ്യതകള്‍ നേരത്തേ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും പാലാഴി പ്രാധാന്യം നല്‍കുന്നു. ഇതിന്റെ ഭാഗമായി കന്നുകാലികളുടെ രക്തവും ചാണകവും പരിശോധിച്ച് പോഷകക്കുറവും വിരകളുടെ സാന്നിധ്യവും കണ്ടെത്തി. പരിശോധനയില്‍ പശുക്കളില്‍ കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളുടെ കുറവും സിങ്കിന്റെ ഉയര്‍ന്ന സാന്നിധ്യവും തിരിച്ചറിഞ്ഞു. പ്രസവാനന്തരം പശുക്കള്‍ തളര്‍ന്നുവീഴുന്നതിന് കാല്‍സ്യത്തിന്റെ കുറവ് കാരണമാകാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ക്കും തുടക്കമിട്ടു.
മണ്ണുത്തി വെറ്ററിനറി കോളേജിന്റെ സഹകരണത്തോടെ പരപ്പ ബ്ലോക്കിലെ മണ്ണിന്റെയും കന്നുകാലികളുടെയും പ്രത്യേകതകള്‍ പരിഗണിച്ച് പ്രത്യേക ധാതുലവണ മിശ്രിതവും വികസിപ്പിച്ചു. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍ പഞ്ചായത്തുകളിലെ പശുക്കള്‍ക്ക് അഞ്ച് കിലോഗ്രാം വീതം മിശ്രിതം വിതരണം ചെയ്തു. ചാണകപരിശോധനയിലൂടെ പാലുല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന വിരകളുടെ സാന്നിധ്യവും കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു.
കന്നുകാലികളുടെ ആരോഗ്യപരിപാലനവും പ്രജനനവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ആധുനിക സാങ്കേതികവിദ്യയും പദ്ധതിയുടെ ഭാഗമാകുന്നു. കൃത്രിമ ബീജാധാനത്തിനുശേഷം 30 ദിവസത്തിനകം ഗര്‍ഭധാരണം സ്ഥിരീകരിക്കുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയത്തിനുമായി 23 ലക്ഷം രൂപ ചെലവില്‍ പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് സ്‌കാനര്‍ വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബറില്‍ നടത്താനിരിക്കുന്ന കുളമ്പുരോഗ പ്രതിരോധ വാക്സിനേഷനായി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കൂളര്‍ ബാഗുകള്‍ സജ്ജമാക്കാനും പദ്ധതിയുണ്ട്.
കന്നുകാലികള്‍ക്ക് ആവശ്യമായ തീറ്റയുടെ ലഭ്യത ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. കര്‍ഷകരുടെ പുരയിടങ്ങളില്‍ തീറ്റപ്പുല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന മൈക്രോ ലെവല്‍ ഫോഡര്‍ പ്ലാനും ക്ഷീരസംഘങ്ങള്‍ കേന്ദ്രീകരിച്ച് തീറ്റപ്പുല്‍ ബാങ്കുകള്‍ രൂപീകരിക്കുന്ന മാക്രോ ലെവല്‍ ഫോഡര്‍ പ്ലാനും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്. പച്ചപ്പുല്ലിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിലൂടെ കാലിത്തീറ്റച്ചെലവ് കുറയ്ക്കാനും കന്നുകാലികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പാലുല്‍പാദനം വര്‍ധിപ്പിക്കാനും സാധിക്കും.
ശാസ്ത്രീയ കന്നുകാലി പരിപാലനം, മെച്ചപ്പെട്ട പ്രജനന രീതികള്‍, രോഗപ്രതിരോധം, തീറ്റപ്പുല്‍ വികസനം എന്നിവയിലൂടെ ക്ഷീരമേഖലയെ കൂടുതല്‍ കാര്യക്ഷമവും ലാഭകരവുമാക്കാന്‍ പാലാഴി പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ ഓഫീസറും കൊന്നക്കാട് വെറ്ററിനറി ആശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഇന്‍ ചാര്‍ജുമായ ഡോ. എല്‍. വിശ്വലക്ഷ്മി പറഞ്ഞു. കന്നുകാലികളുടെ ആരോഗ്യവും പാലുല്‍പാദനവും മെച്ചപ്പെടുത്തുന്നതിനൊപ്പം ക്ഷീരകര്‍ഷകരുടെ ഉല്‍പാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.