നിലവില്‍ സര്‍വീസ് നടത്തുന്ന തീവണ്ടി കണ്ണൂരില്‍ രാത്രി വൈകിയെത്തുന്നതും പുലര്‍ച്ചെ വളരെ നേരത്തെ പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് വലിയ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്
ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് കാസര്‍കോട്ടേക്ക് നീട്ടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. മുന്‍പും സമാനമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമായിരുന്നില്ല. നിലവില്‍ സര്‍വീസ് നടത്തുന്ന തീവണ്ടി കണ്ണൂരില്‍ രാത്രി വൈകിയെത്തുന്നതും പുലര്‍ച്ചെ വളരെ നേരത്തെ പുറപ്പെടുന്നതും യാത്രക്കാര്‍ക്ക് വലിയ അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എങ്കിലും വണ്ടി കാസര്‍കോട്ടേക്ക് നീട്ടുന്നത് കണ്ണൂരിന് വടക്കോട്ടുള്ള നിരവധിയാളുകള്‍ക്ക് പുതിയ യാത്രാസൗകര്യങ്ങള്‍ തുറന്നുനല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ സര്‍വീസിന് പകരമായി പാലക്കാട്-കണ്ണൂര്‍ എക്‌സ്പ്രസ് (കോയമ്പത്തൂര്‍-കണ്ണൂര്‍ ലിങ്ക് സര്‍വീസ്) കാസര്‍കോട്ടേക്ക് നീട്ടുന്നതാണ് യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രയോജനകരമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. വൈകുന്നേരം കണ്ണൂരിലെത്തുന്ന ഈ വണ്ടി കാസര്‍കോട്ടേക്ക് ദീര്‍ഘിപ്പിച്ചാല്‍ സമയം കൂടുതല്‍ അനുകൂലമായിരിക്കും. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുമായി റേക്ക് പങ്കിട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍, വണ്ടി നീട്ടുകയാണെങ്കില്‍ റെയില്‍വേയ്ക്ക് സമയക്രമത്തിലും മറ്റ് സാങ്കേതിക ക്രമീകരണങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വരും.
കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസിനായി സജ്ജീകരിച്ചിട്ടുള്ള പ്ലാറ്റ്ഫോമും ബേ ലൈനുകളും മറ്റ് സര്‍വീസുകള്‍ക്കായി ഉപയോഗിക്കാമെന്നത് റെയില്‍വേയ്ക്ക് അനുകൂല ഘടകമാണ്. ഉച്ചയ്ക്കുശേഷമുള്ള സമയങ്ങളില്‍ ഈ പ്ലാറ്റ്ഫോമുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ അധികമായി എത്തുന്ന തീവണ്ടികള്‍ തടസ്സങ്ങളില്ലാതെ പിടിച്ചിടാന്‍ സാധിക്കും. പുതിയ നീക്കം സംബന്ധിച്ച ഔദ്യോഗിക സമയക്രമങ്ങളും തീയതിയും ഉടന്‍ പുറത്തുവരുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ