കയ്യില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പുതിയ തന്ത്രം;യുവാവിനെ തട്ടിക്കൊണ്ടുപോയി വായ്പയെടുപ്പിച്ച് കവര്‍ച്ച! നാലുപേര്‍ പിടിയില്‍

ഇരയുടെ കൈവശം പണമില്ലെങ്കില്‍ എന്തുചെയ്യും? ചെന്നൈയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കവര്‍ച്ചാസംഘം പണം തട്ടാന്‍ കണ്ടെത്തിയ മാര്‍ഗം മൊബൈല്‍ ലോണ്‍ ആപ്പ്

ഇരയുടെ കൈവശം പണമില്ലെങ്കില്‍ എന്തുചെയ്യും? ചെന്നൈയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കവര്‍ച്ചാസംഘം പണം തട്ടാന്‍ കണ്ടെത്തിയ മാര്‍ഗം മൊബൈല്‍ ലോണ്‍ ആപ്പ്. യുവാവിനെ മര്‍ദിച്ച് വായ്പയെടുപ്പിച്ചശേഷം എടിഎമ്മില്‍നിന്ന് പണം പിന്‍വലിപ്പിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പള്ളിക്കരണൈയിലാണ് സംഭവം.

അജയ് എന്ന 21കാരനാണ് തട്ടിപ്പിനിരയായത്. നാലംഗസംഘം അജയിനെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നു. എന്നാല്‍ കൈവശം പണമില്ലെന്ന് അറിയിച്ചതോടെ സംഘം ഇയാളുടെ മൊബൈല്‍ ഫോണിലെ ലോണ്‍ ആപ്പ് വഴി വായ്പയ്ക്ക് അപേക്ഷിപ്പിച്ചു. 9,500 രൂപ വായ്പ ലഭിച്ചതോടെ അടുത്തുള്ള എടിഎമ്മില്‍നിന്ന് തുക പിന്‍വലിപ്പിച്ചു. പണവുമായി കടന്ന സംഘം അജയിന്റെ ഫോണും കൊണ്ടുപോയി.
സംഭവവുമായി ബന്ധപ്പെട്ട് സായി അബുതാകിര്‍ എന്ന അബു (18), പ്രകാശ് രാജ് (22), പൂബാലന്‍ (23), സഞ്ജയ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
കൈവശം പണമില്ലാത്ത യുവാവിനെപ്പോലും വായ്പയെടുപ്പിച്ച് പണം തട്ടിയെടുത്ത സംഭവത്തില്‍ മൊബൈല്‍ ലോണ്‍ ആപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ശ്രദ്ധേയമാണ്. തട്ടിക്കൊണ്ടുപോകലും മര്‍ദനവും ഉള്‍പ്പെട്ട കേസില്‍ പ്രതികളെ പിടികൂടിയതോടെ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *