സിബിഎല്‍ ആറാം സീസണ്‍ ആറാം മത്സരം;മുവാറ്റുപുഴയാറില്‍ മുമ്പനായി മേല്‍പ്പാടം ചുണ്ടന്‍

കൊച്ചി: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍.) ആറാം സീസണിന്റെ പിറവത്ത് നടന്ന തീപാറിയ ആറാം മത്സരത്തില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്‍പ്പാടം ചുണ്ടന്‍ (3.26.26 മിനിറ്റ്) വിജയികളായി.

സിബിഎല്‍ വേദികളിലെ ഏറ്റവും ഒഴുക്കുള്ള നെട്ടായമായ മുവാറ്റുപുഴയാറില്‍ നടന്ന മത്സരം കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു. ആറാം സീസണില്‍ പിബിസി മേല്‍പ്പാടത്തിന്റെ തുടര്‍ച്ചയായ നാലാം വിജയമാണിത്.

സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് പിറവത്തെ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിറവം നഗരസഭാ ചെയര്‍മാന്‍ കെ ആര്‍ പ്രദീപ് കുമാര്‍, വൈസ് ചെയര്‍മാന്‍ അന്നമ ഡോമി, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന അംഗങ്ങള്‍, ടൂറിസം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, സിബിഎല്‍ സാങ്കേതിക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചു.

ഹീറ്റ്‌സ് മത്സരങ്ങളിലെ മികച്ച സമയം കണക്കിലെടുത്ത് മേല്‍പ്പാടം ചുണ്ടന്‍, അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടന്‍, യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടന്‍ എന്നിവയാണ് ഫൈനലിനെത്തിയത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന അഞ്ചാം മത്സരത്തിലേതിനു സമാനമായി യുബിസി കൈനകരി ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. നെട്ടായത്തിന്റെ പകുതി പിന്നിടുമ്പോള്‍ അരത്തുഴപ്പാടിന് യുബിസി വീയപുരം മുന്നിലായിരുന്നു. എന്നാല്‍ അടുത്ത പകുതിയില്‍ അരോമയും മേല്‍പ്പാടവും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഫിനിഷിന് അമ്പത് മീറ്റര്‍ വരെ അരോമ ഇഞ്ചുകള്‍ക്ക് മുന്നിലായിരുന്നു. എന്നാല്‍ പള്ളാത്തുരുത്തിയുടെ ചരിത്രപ്രസിദ്ധമായ അവസാന തുഴവേഗത്തില്‍ കേവലം ആറ് മൈക്രോസെക്കന്റുകള്‍ നേരത്തെ അവര്‍ ഫിനിഷ് ചെയ്തു. ഇക്കൊല്ലത്തെ നെഹൃട്രോഫി ചാമ്പ്യന്‍മാരും സിബിഎല്‍ ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയികളുമായ അരോമയ്ക്ക് രണ്ടാം സ്ഥാനം (3.26.32 മിനിറ്റ്) കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വീയപുരം മൂന്നാമത്(3.28.08 മിനിറ്റ്) ഫിനിഷ് ചെയ്തു.

ഇതോടെ പോയിന്റ് പട്ടികയില്‍ 55 പോയിന്റുമായി മേല്‍പ്പാടം മുന്നിലാണ്. 54 പോയിന്റുമായി അരോമ രണ്ടാം സ്ഥാനത്തും 47 പോയിന്റുമായി വീയപുരം മൂന്നാം സ്ഥാനത്തുമാണ്. ഇരുട്ടുകുത്തി, വെപ്പ് വള്ളങ്ങളുടെ പ്രാദേശിക മത്സരങ്ങളും ഇതോടനുബന്ധിച്ച് നടന്നു.

പിറവത്തെ ഫിനിഷിംഗ് സ്ഥാനങ്ങള്‍ ഇങ്ങനെയാണ്.

മേല്‍പ്പാടം ചുണ്ടന്‍- (പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) ഒന്ന്, വീയപുരം ചുണ്ടന്‍-(യുബിസി കൈനകരി എഫ് സി) അരോമ ചുണ്ടന്‍- (അരോമ ബോട്ട് ക്ലബ്ബ്, പരവൂര്‍, കൊല്ലം) രണ്ട്, നിരണം ചുണ്ടന്‍- (നിരണം ബോട്ട് ക്ലബ്ബ്, നിരണം) നാല്, ചെറുതന ചുണ്ടന്‍- (എന്‍ബിസി നാട്ടകം ബോട്ട് ക്ലബ്ബ്) അഞ്ച്, നടുഭാഗം ചുണ്ടന്‍- (പി.ബി.സി. പുന്നമട എന്‍സിഎഫ് സി ബോട്ട് ക്ലബ്ബ്) ആറ്. പുണ്യാളന്‍ നിരണം- (കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബ്,കുമരകം) ഏഴ്, ആര്‍പ്പൂക്കര ചുണ്ടന്‍- (ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബ്, കുമരകം) എട്ട്, തലവടി ചുണ്ടന്‍- (വില്ലേജ് ബോട്ട് ക്ലബ്ബ്)ഒമ്പത്.

ഫൈനലടക്കം ആകെ 11 മത്സരങ്ങളുള്ള ഈ സീസണിലെ മറ്റ് ലീഗ് പോരാട്ടങ്ങള്‍- കോട്ടയം താഴത്തങ്ങാടി, (ഒക്ടോബര്‍ 24), ആലപ്പുഴ പുളിങ്കുന്ന് (ഒക്ടോബര്‍ 31), കൈനകരി (നവംബര്‍ 7), കായംകുളം (നവംബര്‍ 14) എന്നിവിടങ്ങളിലായി നടക്കും. നവംബര്‍ 21-ന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടെയാണ് സിബിഎല്‍ ആറാം സീസണിന് സമാപനമാവുന്നത്.

ഓരോ മത്സരവേദികളിലും വിജയികളാകുന്നവരില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *