തിരുവനന്തപുരം: കാസര്കോട്, ചെര്ക്കള, നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന് ഓഫീസുകള്ക്ക് കീഴിലുള്ള പ്രദേശങ്ങളില് തുടര്ച്ചയായി രാത്രികാലങ്ങളില് വൈദ്യുതി മുടങ്ങുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കല്ലട്ര മാഹിന് എം.എല്.എ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന് നിവേദനം നല്കി.
മുന്നറിയിപ്പില്ലാതെ ഇടവിട്ടുള്ള വൈദ്യുതി മുടക്കം വിദ്യാര്ഥികള്, രോഗികള്, വയോജനങ്ങള് എന്നിവരടക്കമുള്ളവര്ക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിലെ വൈദ്യുതി തടസ്സം ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും പഠനത്തെയും ആരോഗ്യപരിചരണത്തെയും പ്രതികൂലമായി ബാധിക്കുന്നതായി എം.എല്.എ നിവേദനത്തില് ചൂണ്ടിക്കാട്ടി.
സാങ്കേതിക തടസ്സങ്ങളാണ് വൈദ്യുതി മുടക്കത്തിന് കാരണമായി അധികൃതര് വിശദീകരിക്കുന്നതെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തില് അടിയന്തരമായി ഇടപെട്ട് വൈദ്യുതി വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനും ആവര്ത്തിച്ചുള്ള വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
ഇതിനുപുറമെ, കാസര്കോട് ജില്ലയുടെ വൈദ്യുതി പാക്കേജിനായി സമര്പ്പിച്ച 439.51 കോടി രൂപയുടെ പ്രവൃത്തികള്ക്ക് അംഗീകാരം നല്കണമെന്നും എം.എല്.എ മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുതി വിതരണ സംവിധാനങ്ങള് മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള് നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിനും പാക്കേജിന് അംഗീകാരം ലഭിക്കുന്നത് സഹായകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.