കോടോം ബേളൂരില്‍ പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പിന് തുടക്കമായി

രാജപുരം:കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാലിച്ചാനടുക്കം വെറ്ററിനറി ഡിസ്‌പെന്‍സറിയുടെയുംസംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കുമുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പിന്തുടക്കമായി. ഒക്ടോബര്‍ 14 മുതല്‍ 16 വരെ മൂന്ന് ദിവസങ്ങളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രന്‍ നിര്‍വഹിച്ചു. പഞ്ചായത്തിലെ മൂന്ന് മാസത്തിന് മുകളില്‍ പ്രായമുള്ള എല്ലാ നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും നിര്‍ബന്ധമായും വാക്‌സിനേഷന്‍ നല്‍കണമെന്നും , ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തി പേവിഷബാധ മുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കെത്തുന്നതിന് ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചും ക്യാമ്പിന്റെ വിശദാംശങ്ങളെക്കുറിച്ചും വെറ്ററിനറി സര്‍ജന്‍ ഡോ. അഞ്ജിത ശിവന്‍ വിശദീകരിച്ചു. .വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കി വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള ലൈസന്‍സ് നിര്‍ബന്ധമായും നേടണമെന്നും അവര്‍ അറിയിച്ചു.
പേവിഷബാധ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയായതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യസമയത്ത് വാക്‌സിനേഷന്‍ നല്‍കുകയും ലൈസന്‍സ് ഉറപ്പാക്കുകയും ചെയ്യുന്നത് ഉടമകളുടെ ഉത്തരവാദിത്തമാണ്. പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വാക്‌സിനേഷന്‍ ഉറപ്പാക്കി പേവിഷബാധയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സന്ധ്യ പി. സി., ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരായ ജിതിന്‍, ജെയ്ബിന്‍ ചാക്കോ, അറ്റന്‍ഡന്റ് ജയന്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *