പാലക്കുന്ന്: കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ സവിശേഷ വാര്‍ഷിക ആഘോഷമായ മറുപുത്തരി (വൈപുത്തരി) നടന്നു. ചിങ്ങ മാസത്തിലെ പുത്തരി ചടങ്ങിന് ശേഷം അന്നേ ദിവസം നിശ്ചയിച്ച് പ്രഖ്യാപിക്കുന്ന പ്രത്യേക ദിനത്തിലാണ് ഇവിടെ മറുപുത്തരി നടക്കുന്നത്.
പുത്തരി ദിന ചടങ്ങില്‍ നിന്ന് വ്യത്യസ്തമായി അരങ്ങിലടിയന്തിരം മറുപുത്തരിയുടെ പ്രത്യേകതയാണ് . ചിങ്ങത്തിന്റെ തുടക്കത്തില്‍ വിളവെടുപ്പ് പരിമിതമായതിനാല്‍, പുത്തരി ദിനത്തില്‍ മിതമായ തോതില്‍ ലഭിക്കുന്ന പുതിയ അരി ഉപയോഗിച്ച് ‘ആക്രാണം’ ഉണ്ടാക്കി ദേവിക്ക് മാത്രം സമര്‍പ്പിക്കുകയാണ് ചടങ്ങ്. എന്നാല്‍, ഭക്തജനങ്ങള്‍ക്കെല്ലാം പുതിയ അരി ലഭ്യമാകുന്നു എന്ന് അന്നപൂര്‍ണ്ണേശ്വരിയായ മുച്ചിലോട്ട് ഭഗവതി ഉറപ്പുവരുത്തുന്നതിന്റെ വിശ്വസത്തിലാണ് മറുപുത്തരി ആഘോഷം നടക്കുന്നത്. മറുപുത്തരി ദിനമാകുമ്പോഴേക്കും നാടെങ്ങും വിളവ് സുലഭമാകുകയും, അന്നേ ദിവസം പുതിയ അരി ഉപയോഗിച്ച് ‘തണ്ണീരമൃത്’ ഉള്‍പ്പെടെ തയ്യാറാക്കി ഭക്തജനങ്ങള്‍ക്ക് പ്രസാദ വിതരണം ചെയ്തു.
ക്ഷേത്രത്തില്‍ ദേവിക്ക് അര്‍പ്പിക്കുന്ന നിവേദ്യവും അരിത്രാവലും ഈ ദിവസം പുതിയ അരി ഉപയോഗിച്ച് പൂര്‍ത്തിയാക്കി. കൂടാതെ, മറുപുത്തരി ദിവസത്തിനു ശേഷം ക്ഷേത്രത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും ചടങ്ങുകള്‍ക്കും പുതിയ അരി മാത്രമേ ഉപയോഗിക്കാവൂ എന്നാണ് പൂര്‍വ്വിക ആചാരം.