തിരുനെല്ലി: വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ വെച്ച് മാല കവര്‍ന്ന അന്തര്‍സംസ്ഥാന മോഷണ സംഘത്തിലെ മൂന്ന് സ്ത്രീകളെ കര്‍ണാടകയില്‍ നിന്ന് പിന്തുടര്‍ന്ന് പിടിച്ച് വയനാട് പോലീസ്. തമിഴ്നാട് സേലം അമ്മപ്പേട്ട് സ്വദേശികളായ വള്ളിയമ്മ എന്ന ബിന്ദു (47), ദേവി എന്ന തിലോത്തമ (53), മധുര മുത്തുപ്പട്ടി സ്വദേശി പൊന്നി (39) എന്നിവരെയാണ് കര്‍ണാടകത്തിലെ മല്‍പെ ബീച്ചില്‍ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പത്തായി.
വയനാട് ജില്ലാ പോലീസ് മേധാവി ദേവമനോഹര്‍ ഐ.പി.എസിന്റെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ വലയിലാക്കിയത്. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഓഗസ്റ്റ് 12-ന് തിരുനെല്ലി ക്ഷേത്രത്തിലെ കര്‍ക്കിടക വാവുബലിക്കെത്തിയ തീര്‍ത്ഥാടകയുടെ ഒന്നേമുക്കാല്‍ പവന്റെ സ്വര്‍ണ്ണമാലയാണ് അന്നദാന മണ്ഡപത്തില്‍ വെച്ച് ഇവര്‍ കവര്‍ന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ലുക്കൗട്ട് നോട്ടീസുകള്‍ വഴിയുള്ള പരിശോധനയിലുമാണ് കവര്‍ച്ചാ സംഘം കര്‍ണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം അവിടെയെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.