പെരിയ ഡോക്ടർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘ജീവനി- ഹരിതായൂർ പദ്ധതി’ ഭാഗമായി ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിച്ചു പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പി. വി. ദിവാകരൻ ഉദ്ഘാടനം ചെയ്തു

പെരിയ : ഡോക്ടർ അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ജീവനി ഹരിതായൂർ പദ്ധതിയുടെ ഭാഗമായി ഔഷധ സസ്യങ്ങൾ വച്ചുപിടിപ്പിച്ചു. ഔഷധസസ്യങ്ങളെ പരിചയപ്പെടുത്തുന്നതിനും അവയുടെ ഗുണഫലങ്ങളെ കുറിച്ചും പ്രസക്തിയെ കുറിച്ചും നട്ടു വളർത്തേണ്ട ആവശ്യകതയെ കുറിച്ചും ഉത്ബോധിപ്പിച്ചുകൊണ്ടാണ് ‘ജീവനി ഹരിതായൂർ പദ്ധതി’ക്ക് തുടക്കമായത്.കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ജീവനി  ഹരിതായുർ പദ്ധതിയുടെ ഉദ്ഘാടനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ പി. വി. ദിവാകരൻ കടിഞ്ഞിമൂല നിർവഹിച്ചു. എണ്ണ പകർന്ന നിലവിളക്കിൽ തുണി കൊണ്ടുള്ള തിരിക്ക്‌ പകരം പച്ചില ഉപയോഗിച്ച് തിരിയാക്കി അത് കത്തിച്ചാണ് അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചത്. ഇത് സദസ്സിലും വേദിയിലും ഒരുപോലെ അത്ഭുതമുളവാക്കി. തുടർന്ന് നടന്ന ഉദ്ഘാടന പ്രസംഗത്തിൽ ഔഷധ സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും  സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും പൊതു തലമുറകളിലേക്ക് പകർന്നുനൽകി. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ജയചന്ദ്രൻ കീഴോത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടകനായ പി. വി. ദിവാകരൻ കടിഞ്ഞിമൂലയെ അദ്ദേഹത്തിന്റെ പരിസ്ഥിതി മേഖലയിലെ  മൂല്യമേറിയ സംഭാവനകളെ മാനിച്ച് കോളേജിന്റെ നേതൃത്വത്തിൽ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ എ. വിപുലാ റാണി പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. അംബേദ്കർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സി. സുനിൽകുമാർ, കോളേജ് അഡ്മിനിസ്ട്രേറ്റർ കെ. വി.സാവിത്രി,പരിസ്ഥിതി പ്രവർത്തകനും വിഷ വൈദ്യനും പാരമ്പര്യ ആയുർവേദ ചികിത്സകനുമായ ബാലൻ കുന്നുമ്മൽ,നാച്ചുറൽ ക്ലബ്ബ് കോഡിനേറ്റർ സി. ഷിജിത്ത് എന്നിവർ സംസാരിച്ചു. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ. പ്രവീൺകുമാർ സ്വാഗതവും ഇക്കോ ക്ലബ് കോഡിനേറ്റർ എ.കെ. ചന്ദ്രമതി നന്ദിയും പറഞ്ഞു. തുടർന്ന് പി. വി. ദിവാകരൻ കടിഞ്ഞിമൂല ഔഷധ സസ്യങ്ങളെ കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും പരിപാടിയിൽ പങ്കെടുത്തവർക്കും ക്ലാസ് എടുത്ത് അറിവ് പകർന്ന് നൽകി.

Leave a Reply

Your email address will not be published. Required fields are marked *