ലഹരി ഉപയോഗിച്ച് വിമാനം പറത്തി; 300 അടി താഴ്ചയിലേക്ക് പതിച്ച എയര്‍ ഇന്ത്യ അപകടത്തില്‍ പൈലറ്റ് പുറത്ത്

ഫുക്കറ്റില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് നൂറുകണക്കിന് അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തില്‍ പൈലറ്റിനെതിരെ കടുത്ത നടപടിയുമായി എയര്‍ ഇന്ത്യ. ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൈലറ്റ് സുദീപ് വശിഷ്ഠയെ കമ്പനി പുറത്താക്കി. കഴിഞ്ഞ ഓഗസ്റ്റ് നാലിനായിരുന്നു ഒഡീഷ്യയ്ക്ക് മുകളില്‍ വെച്ച് എഐ 2379 വിമാനത്തില്‍ അപകടമുണ്ടായത്. സംഭവത്തില്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്കേറ്റിരുന്നു. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ആ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനും പൈലറ്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. അപകടത്തിന് പിന്നാലെ നടത്തിയ പ്രാഥമിക ലഹരി പരിശോധനയില്‍ പൈലറ്റിന്റെ ഫലം ‘നോണ്‍-നെഗറ്റീവ്’ ആയതിനെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ വിശദമായ ലാബ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയിലാണ് പൈലറ്റ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായത്. എന്നാല്‍ സഹപൈലറ്റിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കൂടാതെ ക്യാപ്റ്റന്റെ പെരുമാറ്റത്തിനെതിരെ ക്യാബിന്‍ ക്രൂ അംഗങ്ങളും പരാതി നല്‍കിയിരുന്നു.

വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനങ്ങളിലുണ്ടായ സാങ്കേതിക തകരാറാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാന്‍ കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സാങ്കേതിക തകരാറിനൊപ്പം പൈലറ്റ് ലഹരി ഉപയോഗിച്ചുകൂടി കൂടിയായതോടെ വലിയൊരു ദുരന്തത്തിന്റെ വക്കിലാണ് വിമാനം എത്തിപ്പെട്ടത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ തങ്ങളുടെ എല്ലാ പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ലഹരി പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *